ഇറാനിൽ പ്രതിഷേധക്കാർക്കും സൈനികർക്കും നേരെ ഭീകരാക്രമണം, അഞ്ചുപേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
ടെഹ്റാൻ: ഇറാന്റെ തെക്കുപടിഞ്ഞാറൻ ഖുസെസ്ഥാൻ പ്രവിശ്യയിൽ പ്രതിഷേധക്കാർക്കും സുരക്ഷാ സേനയ്ക്കും നേരെ ഭീകരർ നടത്തിയ വെടിവയ്പ്പിൽ അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. രണ്ട് മോട്ടോർസൈക്കിളുകളിലായി എത്തിയ ആയുധ ധാരികൾ ഇസെഹ് നഗരത്തിലെ സെൻട്രൽ മാർക്കറ്റിൽ എത്തി പ്രതിഷേധക്കാർക്കും സുരക്ഷാ സേനയ്ക്കും നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ തുടർന്ന് രാജ്യത്ത് സുരക്ഷാ സന്നാഹങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്.
ഒക്ടോബർ 26ന് ഷിറാസിലെ ഷാ ചെറാഗ് ശവകുടീരത്തിന് നേരെ ഐസിസ് ഭീകരർ നടത്തിയ ആക്രമണത്തിൽ 13 പേരാണ് മരിച്ചത്. രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനിടെയാണ് അധികൃതർക്ക് തലവേദന സൃഷ്ടിച്ച് ഭീകരാക്രമണങ്ങളും അരങ്ങേറുന്നത്.
ഇറാന്റെ വസ്ത്രധാരണ രീതി അനുസരിച്ചില്ലെന്നാരോപിച്ച് അറസ്റ്റ് ചെയ്ത മഹ്സ അമീനി കൊല്ലപ്പെട്ടതിനു ശേഷം ആരംഭിച്ച പ്രതിഷേധസമരങ്ങളിൽ രണ്ടുമാസത്തിനുള്ളിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. ഇപ്പോഴും പലയിടങ്ങളിലും പ്രതിഷേധം ശക്തമായി തുടരുകയാണ്. ഒപ്പം പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള അധികൃതരുടെ നടപടികളും. എന്നാൽ പ്രക്ഷോഭകർക്ക് ആഗോളതലത്തിൽ കൂടുതൽ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്.