ഹൈക്കോടതി നിർദേശം പാലിച്ചില്ല, നശിച്ചത് ക്ഷേത്രത്തിൽ ഭക്തർ കാണിക്കയിട്ട കാൽക്കോടിയോളം രൂപയുടെ നോട്ടുകൾ
കൊല്ലം: ഹൈക്കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മിഷന്റെ ഗുരുതര അലംഭാവത്തിൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വിവിധ കാണിക്കവഞ്ചികളിൽ ഭക്തർ നിക്ഷേപിച്ച കാൽ കോടിയോളം രൂപയുടെ നോട്ടുകൾ ദ്രവിച്ച് നശിച്ചു. ബാങ്കിൽ മാറാൻ കഴിയാത്ത നോട്ടുകൾ ക്ഷേത്ര അന്നദാന മന്ദിരത്തിന്റെ മൂലയിൽ ചാക്കിൽക്കെട്ടി സൂക്ഷിച്ചിരിക്കുകയാണ്. മാസത്തിൽ നാലുതവണ കാണിക്ക എണ്ണണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെ അഡ്വക്കേറ്റ് കമ്മിഷൻ വലിയ ഇടവേളകൾ സൃഷ്ടിച്ചതാണ് നോട്ടുകൾ നശിക്കാൻ കാരണം.
കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ഏകദേശം ഏഴുലക്ഷം രൂപയുടെ നോട്ടുകൾ നശിച്ചതായാണ് വിവരം. ഒരാഴ്ച മുൻപ് 40 ദിവസത്തെ ഇടവേളയിൽ എണ്ണിയപ്പോഴും പതിനായിരക്കണക്കിന് നോട്ടുകൾ ദ്രവിച്ചിരുന്നു. നശിച്ചവയിൽ വലിയൊരളവ് രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ്. വൻതുക തുടർച്ചയായി നഷ്ടമായിട്ടും അഡ്വക്കേറ്റ് കമ്മിഷൻ, ഹൈക്കോടതി നിർദേശിച്ച കാലപരിധി പാലിക്കാൻ തയ്യാറായിട്ടില്ല.
ക്ഷേത്രത്തിലെ കിഴക്ക്, പടിഞ്ഞാറ് ആൽത്തറകളിലെ വരുമാനം പങ്കിടുന്നതിനെച്ചൊലി ക്ഷേത്ര സ്ഥാനികളും ഭരണസമിതിയും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് കാണിക്കപ്പണം എണ്ണാൻ ഹൈക്കോടതി 2014ൽ അഡ്വക്കേറ്റ് കമ്മിഷനെ നിയോഗിച്ചത്. കാണിക്കവഞ്ചികൾ മാസത്തിൽ നാല് തവണ എണ്ണുക, കിഴക്ക്, പടിഞ്ഞാറ് ആൽത്തറകളിലെ വരുമാനത്തിന്റെ പകുതി പ്രത്യേകം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുക എന്നീ ചുമതലകളാണ് കമ്മിഷന് നൽകിയിരുന്നത്. ആദ്യകാലത്ത് മാസത്തിൽ നാല് തവണ എത്തിയിരുന്ന അഡ്വക്കേറ്റ് കമ്മിഷൻ പിന്നീട് വരവ് മാസത്തിൽ ഒരു തവണയാക്കി. വർഷങ്ങൾ കഴിഞ്ഞപ്പോൾ കാണിക്ക എണ്ണൽ മാസത്തിൽ ഒരു തവണ പോലും നടക്കാതെ വന്നതോടെയാണ് കൂടുതൽ തുക നശിച്ചത്. ചിലപ്പോൾ സ്ഥാനികൾ ആവകാശവാദം ഉന്നയിക്കുന്ന കിഴക്ക് പടിഞ്ഞാറ് വഞ്ചികളിലെ പണമെണ്ണി മടങ്ങുന്ന സ്ഥിതിയുമുണ്ട്. പക്ഷെ എല്ലാ മാസവും കൃത്യമായി ശമ്പളം കൈപ്പറ്റുന്നുണ്ട്.