കാമുകന്റെ ചതി; സ്കൂള്‍വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തത് അഞ്ചുപേര്‍, ദൃശ്യങ്ങളും പ്രചരിപ്പിച്ചു
യുവാവും വിദ്യാര്‍ഥിനിയും തമ്മിലുള്ള ചില രഹസ്യദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി.തുടര്‍ന്ന് ഇതുപയോഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി.
ചെന്നൈ: സ്കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. രംഗനാഥന്, മണികണ്ഠന് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടാളികളായ മൂന്നുപേര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
തിരുച്ചിറപ്പള്ളി മുസിരിയിലെ 16 കാരിയാണ് പീഡനത്തിനിരയായത്. ഒരു യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയെ ചതിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഒരുദിവസം പെണ്‍കുട്ടിയെ ഇയാള്‍ സുഹൃത്തുക്കള്‍ക്കു പരിചയപ്പെടുത്തി. അവിടെവെച്ച് യുവാവും വിദ്യാര്‍ഥിനിയും തമ്മിലുള്ള ചില രഹസ്യദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി.തുടര്‍ന്ന് ഇതുപയോഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കാമുകനും ഇവര്‍ക്കൊപ്പംനിന്നു. കുറച്ചുദിവസത്തിനു ശേഷം കാമുകന് പെണ്‍കുട്ടിയെ വീണ്ടും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെവെച്ച് അഞ്ചുപേരും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു.
ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ മുസിരി വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.