ബൈക്കില്‍ ഒന്‍പതിടത്ത് രൂപമാറ്റം; ലൈസന്‍സിന് പിന്നാലെ രജിസ്ട്രേഷനും റദ്ദാക്കി എംവിഡി
ഒറ്റപ്പാലം: ഇരുചക്രവാഹനത്തിന്റെ രൂപം അടിമുടിമാറ്റിയ ഉടമക്കെതിരേ കടുത്ത നടപടിയെടുത്ത് മോട്ടോര്‍വാഹനവകുപ്പ്. ഒമ്പതിടത്ത് രൂപമാറ്റം വരുത്തിയ ബൈക്കിന്റെ രജിസ്ട്രേഷന് മോട്ടോര്‍വാഹനവകുപ്പ് റദ്ദാക്കി. കൊടുമ്പ് സ്വദേശി ജി. ജിഷ്ണുവിന്റെ ബൈക്ക് ഇനി ആറുമാസം നിരത്തിലിറക്കരുതെന്നാണ് പാലക്കാട് അഡീഷണല്‍ രജിസ്റ്ററിങ് അതോറിറ്റിയുടെ ഉത്തരവ്. വാഹനം മത്സരയോട്ടത്തിനുകൂടി ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. ഇതിന് ജിഷ്ണുവിന്റെ ലൈസന്‍സ് നേരത്തേ ഒരുവര്‍ഷത്തേക്ക് റദ്ദാക്കിയിരുന്നു.
വാഹനത്തിന്റെ ഹാന്‍ഡില്‍, പിറകിലെ സീറ്റ്, പെട്രോള്‍ടാങ്ക്, ചെയിന്‍ സ്പ്രോക്കറ്റ് എന്നിവിടങ്ങളിലാണ് രൂപംമാറ്റിയത്. ഫൂട്ട്റസ്റ്റ്, പിറകിലെ ബ്രേക്ക് സംവിധാനം എന്നിവ കൂടുതലായി ഘടിപ്പിച്ചു. ചെളിതെറിക്കാതിരിക്കാനുള്ള മഡ് ഫ്ളാപ്പ്, ഹഗ്ഗര്‍ എന്നിവ ഊരിമാറ്റി വാഹനത്തിന്റെ ബ്രേക്ക്നിയന്ത്രണ സംവിധാനം ക്ലച്ച്ലിവറിന്റെ അടുത്തേക്ക് മാറ്റിഘടിപ്പിച്ചതായും കണ്ടെത്തി.
മറ്റുയാത്രക്കാര്ക്കുള്പ്പെടെ അപകടമാകുംവിധം രൂപമാറ്റം വരുത്തിയ ബൈക്കുപയോഗിച്ച് റോഡില്‍ മത്സരയോട്ടം നടത്തിയതായും ഇത് വീഡിയോപകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. എം.കെ. ജയേഷ് കുമാറിന്റെ ശുപാര്‍ശ പ്രകാരമാണ് അഡീഷണല്‍ രജിസ്റ്ററിങ് അതോറിറ്റിയുടെ ഉത്തരവ്.
വാഹനയുടമയുടെ വാദം കേട്ടെങ്കിലും തൃപ്തികരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 2023 ഏപ്രില്‍ 30 വരെ രജിസ്ട്രേഷന് റദ്ദാക്കിയത്. ഇക്കാലയളവില്‍ വാഹനം സൂക്ഷിക്കുന്നയിടം വകുപ്പിനെ അറിയിക്കണം. ഈ കാലയളവിനുശേഷം വാഹനം പഴയരൂപത്തിലാക്കി ഹാജരാക്കിയാല്‍ മാത്രമേ രജിസ്ട്രേഷന് പുതുക്കൂവെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നു.