വിവാഹസത്കാരത്തില്‍ ഗാനമേളയ്ക്കിടെ ഗായികയെ ആക്രമിച്ചു, വസ്ത്രം വലിച്ചുകീറി; യുവാവ് അറസ്റ്റില്‍
സംഗീതപരിപാടിക്കിടെ ദേവനാരായണന് സ്റ്റേജില്‍ കയറി പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. ഇതു ചോദ്യംചെയ്ത യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും യുവതിയുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തു.
ദേവ നാരായണൻ
കായംകുളം: വിവാഹസത്കാരത്തിനോടനുബന്ധിച്ചുള്ള ഗാനമേളയ്ക്കിടെ ഗായികയെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. കായംകുളം കൃഷ്ണകൃപ പുതിയിടം വീട്ടില്‍ ദേവനാരായണന് (29) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെ രണ്ടാംകുറ്റി ജങ്ഷന് പടിഞ്ഞാറുള്ള ഓഡിറ്റോറിയത്തിലാണ് സംഭവം. എറണാകുളം സ്വദേശിയായ ഗായകന്റെ നേതൃത്വത്തിലായിരുന്നു സംഗീതപരിപാടി. ഇയാളുടെ ഭാര്യയും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ യുവതിക്കു നേരെയാണ് ആക്രമണം നടന്നത്.
സംഗീതപരിപാടിക്കിടെ ദേവനാരായണന് സ്റ്റേജില്‍ കയറി പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. ഇതു ചോദ്യംചെയ്ത യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും യുവതിയുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തു. സംഭവത്തിനുശേഷം ഓഡിറ്റോറിയത്തില്‍നിന്നു രക്ഷപ്പെട്ട പ്രതിയെ റോഡില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡിവൈ.എസ്.പി. അലക്സ് ബേബി, ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷാഫി, ഉദയകുമാര്‍, ഷാഹിന, ബിനുമോന്, കണ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.