തിരുവനന്തപുരം: കേരള ബിജെപിക്കെതിരെ വിമര്‍ശനവുമായി ബിജെപിയുടെ കേരളത്തിലെ ഏക എംഎല്‍എ ഒ രാജഗോപാല്‍. ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ അതൃപ്തി പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം.പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കാനും സമയോചിതമായി ഇടപെടാനും നേതൃത്വമില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ അധ്യക്ഷനെ പ്രഖ്യാപിച്ചിട്ടും ബിജെപിക്ക് സംസ്ഥാന അധ്യക്ഷനില്ലാത്ത സ്ഥിതിയാണ്. ഇക്കാര്യം അമിത്ഷായെയും പുതിയ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയെയും അറിയിച്ചിട്ടുണ്ടെന്നും രാജഗോപാല്‍ വ്യക്തമാക്കി. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കില്ലെന്നാണു പ്രതീക്ഷയെന്നും പ്രമേയത്തിന് അനുമതിനല്‍കി രാഷ്ട്രപതിയുടെ അധികാരത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രമേയത്തെ പിന്തുണച്ചിട്ടില്ല. എതിര്‍ത്തു പ്രസംഗിച്ചത് നിയമസഭയുടെ രേഖകളിലുണ്ടെന്നും ഒ രാജഗോപാല്‍ വ്യക്തമാക്കി. തെറിവിളിച്ച് എതിര്‍ക്കുക എന്നത് തന്റെ രീതിയല്ല. തനിക്ക് തന്റേതായ രീതകളുണ്ട്. അതിനനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഒ രാജഗോപാല്‍ വ്യക്തമാക്കി. ഗവര്‍ണറുടെ സത്കാരത്തില്‍ പങ്കെടുത്തതിന് മുഖ്യമന്ത്രിയെ പ്രതിപക്ഷം വിമര്‍ശിക്കുന്നത് ഇടുങ്ങിയ ചിന്താഗതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംയമനം എന്നത് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഒരുപോലെ ബാധകമാണ്. ഇരുപക്ഷവും മിതത്വം പാലിക്കണമെന്ന് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്ക സമയത്ത് ഒ രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു.ഇക്കാര്യത്തില്‍ പക്വത പാലിക്കുകയും അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് തുറന്ന് ചര്‍ച്ച നടത്തുകയും വേണം. നിയമപരമായി സംശയമുണ്ടെങ്കില്‍ കോടതിയുടെ അഭിപ്രായം ചോദിക്കാമല്ലോ. അതിനുള്ള അവകാശമുണ്ട്. അങ്ങനെ തീരുകയല്ലാതെ പരസ്പരം ഗവര്‍ണറും മുഖ്യമന്ത്രിയും അങ്ങോട്ടുമിങ്ങോട്ടും കുറ്റം പറയുന്നത് നല്ല കീഴ്വഴക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ നടപടി തെറ്റാണ്. അങ്ങനെ ചെയ്യാന്‍ സംസ്ഥാനത്തിന് അവകാശമില്ലെന്നും അദ്ദേഹം മാതൃഭൂമി നല്കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. പൗരത്വം എങ്ങനെ വേണമെന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമില്ലല്ലോ? ഭരണഘടനപ്രകാരം കേന്ദ്രപട്ടികയില്‍ ഉള്‍പ്പെട്ടതാണ് ഈ വിഷയം. സംസ്ഥാനസര്‍ക്കാരിന് അഭിപ്രായം പറയാനുള്ള അവകാശമില്ല, തീരുമാനമെടുക്കുന്നത് കേന്ദ്രമാണ്.പ്രത്യേക സമ്മേളനം വിളിച്ചത് പാഴ് നടപടിയാണെന്നായിരുന്നു ഒ രാജഗോപാലന്റെ വാദം.
സുപ്രീംകോടതിയില്‍ പോകാന്‍ ആര്‍ക്കും അവകാശമുണ്ട്. സുപ്രീംകോടതിയില്‍നിന്ന് സര്‍ക്കാരിന് വേണ്ടത് കിട്ടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗവര്‍ണര്‍ ഭരണഘടനാ വ്യവസ്ഥ നടപ്പാക്കാന്‍ ചുമതലപ്പെട്ടയാളാണ്. അങ്ങനെ നടപ്പാക്കുമ്ബോള്‍ വല്ല വ്യതിയാനങ്ങളുമുണ്ടെങ്കില്‍, അത് ചൂണ്ടിക്കാട്ടേണ്ട ബാധ്യത ഗവര്‍ണര്‍ക്കുണ്ട്. ആ അവകാശം ഉള്ളപ്പോള്‍, സംസ്ഥാനസര്‍ക്കാര്‍ ഭരണഘടനയുടെ സങ്കല്പങ്ങള്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുമ്ബോള്‍ ഗവര്‍ണര്‍ അത് ചൂണ്ടിക്കാണിക്കും. അല്ലാതെ നടപടിയെടുക്കാനൊന്നും ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.