മകളെ ഉമ്മവച്ചതിന് ഐശ്വര്യയ്ക്ക് ട്രോൾ മഴ, വിചിത്രമെന്നും പബ്ളിസിറ്റി കിട്ടാനെന്നും വിമർശനം
പതിനൊന്നാം ജന്മദിനം ആഘോഷിക്കുന്ന മകൾക്ക് ആശംസ അറിയിച്ച് ചിത്രം പങ്കുവച്ച ബോളിവുഡ് താരറാണി ഐശ്വര്യ റായ് ബച്ചന് ട്രോൾ മഴ. മകൾ ആരാധ്യയുടെ ചുണ്ടിൽ ഉമ്മവച്ചതിന്റെ പേരിലാണ് വിമർശനങ്ങൾ ഉയരുന്നത്. ഇരുവരും തമ്മിലുള്ള ചിത്രം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ‘എന്റെ പ്രണയം, എന്റെ ജീവൻ, ഞാൻ നിന്നെ സ്നേഹിക്കുന്നു ആരാധ്യാ’ എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ചിത്രം പങ്കുവച്ചത്.ഇതിന് പിന്നാലെ രൂക്ഷമായ കമന്റുകളുമായി നിരവധിപ്പേർ രംഗത്തെത്തുകയായിരുന്നു.
മകളുടെ ചുണ്ടിൽ ചുംബിക്കുന്നത് വിചിത്രമാണെന്ന് കുറേപ്പേർ കമന്റ് ചെയ്തു. പബ്ളിസിറ്റി നേടാൻ ഇത്തരം കാര്യങ്ങൾ ചെയ്യേണ്ട കാര്യമില്ലെന്ന് മറ്റൊരു സോഷ്യൽ മീഡിയ ഉപഭോക്താവ് വിമർശിച്ചു. ‘എന്തുകൊണ്ട് ചുണ്ടുകൾ’? എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. അനുചിതമായ പെരുമാറ്റം. നിങ്ങളുടെ മകളോട് നിങ്ങൾക്ക് ആത്മാർത്ഥമായ സ്നേഹം മാത്രമേ ഉള്ളൂവെന്ന് ഞങ്ങൾക്കറിയാം. എന്നാൽ നിങ്ങൾ ലോകത്തെ സ്വാധീനിക്കുന്ന വ്യക്തിയാണെന്ന് ഓർക്കുക. ഈ പോസ്റ്റ് ചില ആരാധകരെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് ചിന്തിക്കുകയെന്ന് മറ്റൊരാൾ കുറ്റപ്പെടുത്തി.
അതേസമയം, താരത്തെ പിന്തുണച്ചുകൊണ്ടും നിരവധി പേർ എത്തുകയാണ്. അമ്മയുടെയും മകളുടെയും സ്നേഹത്തിന് അതിരുകളില്ലെന്നും ആളുകളെ മുൻവിധിയോടെ കാണുന്നത് അവസാനിപ്പിക്കൂവെന്നും ഒരു ഉപഭോക്താവ് പ്രതികരിച്ചു. ഇന്റർനെറ്റിൽ ഇന്ന് കണ്ട ഏറ്റവും സുന്ദരമായ ചിത്രം എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. അവർ ഒരു അമ്മയാണെന്നും മകളെയോ മകനെയോ അവരുടെ പ്രായം പരിഗണിക്കാതെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും അവൾക്ക് അവകാശമുണ്ടെന്നും മറ്റൊരാൾ ചൂണ്ടിക്കാട്ടി.