തപാൽ ഉരുപ്പടികൾ എത്തിച്ച ചാക്കിനുള്ളിൽ പാമ്പ്, ഗുണമേന്മ കുറഞ്ഞവയാണ് ഉപയോഗിക്കുന്നതെന്ന് ആക്ഷേപം
പയ്യന്നൂർ: തപാൽ ഉരുപ്പടി നിറച്ച ചാക്കിൽ പാമ്പ്. പയ്യന്നൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം ട്രെയിൻ മാർഗം പയ്യന്നൂരിലെത്തിച്ച തപാൽ ഉരുപ്പടികളുടെ ചാക്ക് തുറന്നുനോക്കിയപ്പോഴാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. മലബാർ എക്സ്പ്രസിൽ പയ്യന്നൂരിലെത്തിച്ച പാഴ്സലുകൾ നേരെ പയ്യന്നൂർ പോസ്റ്റ് ഓഫീസിൽ എത്തിക്കുകയായിരുന്നു.തുളവീണ ചാക്കിലൂടെ പാമ്പ് ഉള്ളിൽ കയറിയതാകാമെന്നാണ് നിഗമനം. തപാൽ ഉരുപ്പടികൾ ട്രെയിനിലേയ്ക്ക് എറിഞ്ഞാണ് കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ഇത്തരത്തിൽ എറിയുന്നതിനിടെ പാമ്പ് ചത്തതാകാമെന്നാണ് ജീവനക്കാർ പറയുന്നത്. തപാൽ വകുപ്പിന്റെ തന്നെ കട്ടിയുള്ള നീല കവറിലാണ് ഉരുപ്പടികൾ കൈകാര്യം ചെയ്യേണ്ടതെങ്കിലും ഇതിന് പകരം കഴുകിയെടുത്ത വളചാക്കുകളാണ് പലപ്പോഴും ഉപയോഗിക്കേണ്ടി വരുന്നതെന്ന് ജീവനക്കാർ പരാതിപ്പെടുന്നു.ഗുണമേന്മ കുറഞ്ഞ ഇത്തരം ചാക്കുകൾ മഴയത്ത് കിടന്ന് നനഞ്ഞ് നശിക്കുകയും തുള ഉണ്ടാവുകയും ചെയ്യുന്നു. ഗുണമേന്മ തീരെകുറഞ്ഞ, കാലപ്പഴക്കം ചെന്ന ചാക്കുകളാണ് തപാൽ ഉരുപ്പടികൾ കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്നതെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു.