കേരളത്തില്‍ മര്യാദക്കാരന്‍, അതിര്‍ത്തി കടന്നപ്പോള്‍ ലേസര്‍ കത്തി; ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് പോയി
വൈക്കം: നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നെസ് മോട്ടോര്‍വാഹനവകുപ്പ് റദ്ദാക്കി. കഴിഞ്ഞ ദിവസം കുറുപ്പന്തറയിലെ സ്കൂളില്‍നിന്നും ബസ് മൈസുരുവിലേക്ക് വിനോദയാത്ര പോയിരുന്നു. യാത്രയ്ക്ക് മുമ്പ് വൈക്കം സബ് ആര്.ടി. ഓഫീസില്‍ വാഹനം ഹാജരാക്കി പരിശോധന നടത്തി നിയമ ലംഘനങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി അധികൃതര്‍ സര്‍ട്ടിഫിക്കറ്റും നല്കി.
സംസ്ഥാന അതിര്‍ത്തി കടന്നയുടന്‍ ലേസര്‍ ലൈറ്റുകളും കളര്‍ ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഘടിപ്പിച്ചു. ഇവയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട വൈക്കം ജോയിന്റ് ആര്.ടി.ഒ. പി.ജി. കിഷോര്‍ ഡാഡീസ് ടൂറിസ്റ്റ് ബസ് വഴിയില്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചു.
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫിറ്റ്നെസ് റദ്ദാക്കുകയായിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് ശുപാര്‍ശയും നല്കി. പരിശോധനയില്‍ എ.എം.വി.ഐ.മാരായ പി.വി. വിവേകാനന്ദ്, എസ്.രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു.