സുധാകരന്റെ പരാമർശം ഗൗരവതരം, പാർട്ടി പരിശോധിക്കും; മതേതര നിലപാടുകളിൽ വെള്ളം ചേർക്കില്ലെന്ന് വി ഡി സതീശൻ
തിരുവനന്തപുരം:ജവഹർ ലാൽ നെഹ്റു വർഗീയതയോട് സന്ധി ചെയ്തുവെന്ന കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന്റെ പരാമർശം ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിവാദ പരാമർശത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കെ പി സി സി അദ്ധ്യക്ഷന്റെ ഭാഗത്ത് നിന്ന് തുടർച്ചയായി ഇത്തരം പരാമർശങ്ങളുണ്ടാകുന്നുവെന്ന് പരാതി കിട്ടിയിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. പരാമർശത്തിൽ എതിർപ്പുയർത്തിയ ഘടകകക്ഷികളുമായി സംസാരിക്കും. മതേതര നിലപാടുകളിൽ വെള്ളം ചേർക്കുന്ന സമീപനം കോൺഗ്രസിലുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ കണ്ണൂരിലെ നവോത്ഥാന സദസിൽവച്ചായിരുന്നു കെ സുധാകരന്റെ വിവാദ പരാമർശം. ആർ എസ് എസ് നേതാവായ ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിക്കൊണ്ട് നെഹ്റു വർഗീയ ഫാസിസത്തോട് സന്ധിചെയ്യാൻ തയ്യാറായെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സംഭവം വിവാദമായതോടെ നാക്കുപിഴയാണെന്നായിരുന്നു സുധാകരൻ നൽകിയ വിശദീകരണം,