ടാക്സില്ല, ഇന്‍ഷുറന്‍സില്ല, പെര്‍മിറ്റുമില്ല; ഓട്ടം വിദ്യാര്‍ഥികളുമായി, വാഹനം പിടിച്ചെടുത്ത് എം വി ഡി
മലപ്പുറം: നിരത്തിലിറങ്ങാന്വേണ്ട ഒരു രേഖയുമില്ലാത്ത വാഹനം സ്കൂള്‍ക്കുട്ടികളെ കുത്തിനിറച്ച് റോഡില്‍ ചീറിപ്പായുന്നു. സത്യത്തില്‍ മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍പോലും കിടുങ്ങിപ്പോയ സംഭവമായിരുന്നു അത്. മഞ്ചേരി നറുകരയില്‍ വെച്ചാണ് ഇത്തരമൊരു ടെമ്പോ ട്രാവലര്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.
മഞ്ചേരി ബോയ്സ് ഗേള്‍സ്, ചുള്ളക്കാട് സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളെ എടുത്ത് പോകുന്ന വണ്ടിയാണിത്. അധ്യാപകരും ഇതില്‍ യാത്രചെയ്തിരുന്നു. ഉടന്‍തന്നെ ഉദ്യോഗസ്ഥര്‍ വാഹനം കസ്റ്റഡിയിലെടുത്ത് മലപ്പുറം ആര്.ടി.ഒ. ഓഫീസ് പരിസരത്തേക്ക് മാറ്റി.
തൃശ്ശൂര്‍ സ്വദേശിയുടെ പേരിലുള്ള ഈ വാഹനം മാസങ്ങള്‍ക്ക് മുന്‍പാണ് മഞ്ചേരി സ്വദേശി വാങ്ങിയത്. ഇതിന്റെ ഉടമസ്ഥാവകാശം മാറ്റിയിട്ടില്ലെന്ന് മാത്രമല്ല, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ഒരു രേഖയുമുണ്ടായിരുന്നില്ല. ജില്ലാ ആര്.ടി.ഒ. സി.വി.എം. ഷെരീഫിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം എ.എം.വി.ഐ. പി. പ്രജീഷ്, സി.വി. മാര്‍ത്താണ്ഡന്‍, പി. സെന്തില്‍, വി. വിഷ്ണു, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
എന്‍ഫോഴ്സ്മെന്റ് എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ പുത്തനത്താണി, കോട്ടയ്ക്കല്‍, തിരൂരങ്ങാടി, കൊടക്കല്ല് തുടങ്ങിയ ഭാഗങ്ങളിലും സ്കൂള്‍സമയത്ത് പരിശോധന നടത്തി. ഫിറ്റ്നസ്സിലാത്ത രണ്ട് സ്കൂള്‍ വാഹനത്തിനെതിരേ കേസെടുത്തു. ഇതില്‍ ഒരു വാഹനത്തിലെ ഡ്രൈവര്‍ക്ക് ലൈസന്‍സുമുണ്ടായിരുന്നില്ല.
ഇന്‍ഷുറന്‍സില്ലാതെ കുട്ടികളെ കുത്തിനിറച്ചോടിയ രണ്ട് കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്കെതിരേയും രണ്ട് സ്വകാര്യ വാഹനങ്ങള്‍ക്കെതിരേയും കേസെടുത്തു. സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്കി.