പങ്കാളിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയത് ഫ്രിഡ്ജിൽ ഇരിക്കവേ പുതിയ കാമുകിയെ അഫ്താബ് വീട്ടിൽ കൊണ്ടുവന്നെന്ന് പൊലീസ്
ന്യൂഡൽഹി: യുവാവ് ലിവിംഗ് ടുഗദർ പങ്കാളിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്രിഡ്ജിൽ വച്ചശേഷം പല ദിവസങ്ങളിലായി ഡൽഹിയിലെ വിവിധ സ്ഥലങ്ങളിലെ വനപ്രദേശങ്ങളിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് ദിവസങ്ങൾക്ക് പിന്നാലെ പ്രതിയായ അഫ്താബ് അമീൻ പൂനവാല മറ്റൊരു യുവതിയെ വീട്ടിലെത്തിച്ചതായി പൊലീസ് വെളിപ്പെടുത്തി. ലിവിംഗ് ടുഗദർ പങ്കാളിയായിരുന്ന ശ്രദ്ധ വാൽക്കറെ പരിചയപ്പെട്ട ബംബിൾ എന്ന ഡേറ്റിംഗ് ആപ്പിലൂടെയാണ് പുതിയ കാമുകിയെയും ഇയാൾ പരിചയപ്പെട്ടതെന്ന് പൊലീസ് പറയുന്നു.ഡേറ്റിംഗ് ആപ്പിലൂടെ പരിചപ്പെട്ട ശ്രദ്ധയുമായി പ്രതി മൂന്ന് വർഷത്തോളം പ്രണയത്തിലായിരുന്നു. അഞ്ചുമാസം മുൻപ് ശ്രദ്ധയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച പ്രതി 25- 20 ദിവസങ്ങൾക്കകം മറ്റൊരു യുവതിയെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി. ശ്രദ്ധയുടെ ശരീരഭാഗങ്ങൾ വീട്ടിൽ സൂക്ഷിച്ചിരിക്കവേ അഫ്താബ് പലപ്പോഴായി പുതിയ കാമുകിയെ വീട്ടിൽ കൊണ്ടുവന്നിരുന്നതായി പൊലീസ് പറയുന്നു. പുതിയ കാമുകിയെ വീട്ടിൽ കൊണ്ടുവന്നതിന് പിന്നാലെ 300 ലിറ്ററിന്റെ പുതിയ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ശ്രദ്ധയുടെ ശരീരഭാഗങ്ങൾ അഫ്താബ് കപ്പ് ബോർഡിലേയ്ക്ക് മാറ്റിയിരുന്നു.ശ്രദ്ധ വിവാഹം കഴിക്കാൻ നിർബന്ധിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് അഫ്താബ് അമീൻ പൂനവാല എന്ന 28കാരൻ മൊഴി നൽകിയത്. മഹാരാഷ്ട്ര പാൽഘർ സ്വദേശിനിയും മുംബയിലെ മൾട്ടി നാഷണൽ കമ്പനിയുടെ കാൾ സെന്റർ ജീവനക്കാരിയുമായിരുന്നു ശ്രദ്ധ. കൊലയ്ക്ക് പിന്നാലെ ഓരോദിവസവും പുലർച്ചെ രണ്ട് മണിക്ക് ശേഷം ഓരോ ശരീര ഭാഗവും പൊളിത്തീൻ കവറിൽ പൊതിഞ്ഞ് പുറത്ത് കൊണ്ട് പോയി മെഹ്രൗളിയിലെ വനമേഖലയിലെ പലിടത്തായി വലിച്ചെറിയുകയായിരുന്നു. പതിനെട്ടു ദിവസം കൊണ്ടാണ് മൃതദേഹം പൂർണമായും ഉപേക്ഷിച്ചത്. പ്രതിയെ കൂട്ടിക്കൊണ്ടുവന്ന് വനമേഖലയിൽ നിന്നു കണ്ടെടുത്ത ശരീര ഭാഗങ്ങൾ ഫോറൻസിക് പരിശോധനക്കയച്ചിരിക്കുകയാണ്.