ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ശസ്ത്രക്രിയ; പിന്നാലെ ഫുട്ബോള്‍ താരമായ പെണ്‍കുട്ടി മരണപ്പെട്ടു
ചെന്നൈ: ഡോക്ടര്‍മാരുടെ ചികിത്സാപിഴവിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മരണപ്പെട്ടു. ചെന്നൈ സ്വദേശിയും ബി.എസ്.സി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായ പ്രിയയാണ് മരണപ്പെട്ടത്. അസ്ഥികള്‍ക്ക് പൊട്ടലുളളതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ഫുട്ബോള്‍ താരമായ പെണ്‍കുട്ടി ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. തുടര്‍ന്ന് ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
പ്രിയയുടെ 18-ാം പിറന്നാള്‍ ദിനത്തിലാണ് പെരിയാര്‍ നഗര്‍ ഗവണ്മെന്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുന്നത്. ഫുട്ബോള്‍ താരമായ പ്രിയയ്ക്ക് മികച്ച രീതിയില്‍ കളിക്കാന്‍ നേരത്തേ പൊട്ടലുണ്ടായ അസ്ഥികള്‍ക്ക് ശസ്ത്രക്രിയകള്‍ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതേ തുടര്‍ന്ന് പ്രിയ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. അതിന് ശേഷം പ്രിയയുടെ ആരോഗ്യ സ്ഥിതി മോശമാവുകയും ചൊവ്വാഴ്ച മരണപ്പെടുകയും ചെയ്തു.
നവംബര്‍ ഏഴിനാണ് പ്രിയ ആദ്യ ശസ്ത്രക്രിയക്ക് വിധേയമായത്. തുടര്‍ന്ന് രണ്ട് തവണ കൂടി ശസ്ത്രക്രിയക്ക് വിധേയയായി. തിങ്കളാഴ്ചയായിരുന്നു പ്രിയയുടെ അവസാന ശസ്ത്രക്രിയ. തുടര്‍ന്ന് പ്രിയയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. രാജീവ് ഗാന്ധി ഗവണ്മെന്റ് ജനറല്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്.
പെരിയാര്‍ നഗര്‍ ഗവണ്മെന്റ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ആദ്യം ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചത്. തുടര്‍ന്ന് രാജീവ് ഗാന്ധി ഗവണ്മെന്റ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അഭിപ്രായവും തേടി. അതിന് ശേഷമാണ് ശസ്ത്രക്രിയക്ക് പ്രിയ തയ്യാറാകുന്നത്.
ഡോക്ടര്‍മാരുടെ സംഘം ദിവസങ്ങളായി പ്രിയയെ നിരീക്ഷിച്ചുവരുകയായിരുന്നു. അതിനിടയിലാണ് ആരോഗ്യ സ്ഥിതി ഗുരുതരമാവുന്നത്. പെരിയാര്‍ നഗര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് അന്വേഷണത്തിന് ആരോഗ്യ വകുപ്പ് നേരത്തേ ഉത്തരവിട്ടിരുന്നു.
പ്രിയയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതോടൊപ്പം സര്‍ക്കാര്‍ ജോലിക്കായുളള അപേക്ഷ പരിഗണിക്കുക കൂടി ചെയ്യുമെന്ന് ആരോഗ്യമന്ത്രി എംഎ സുബ്രമണ്യന്‍ പ്രതികരിച്ചിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രിയ മരണത്തിന് കീഴടങ്ങുന്നത്.