തട്ടിപ്പ് തടയാന്‍ പുതിയ പരിഷ്കാരം: സിം മാറ്റി വാങ്ങിയാല്‍ ആദ്യ 24 മണിക്കൂര്‍ മെസേജുകള്‍ക്ക് വിലക്ക്
രാജ്യത്ത് വര്‍ധിച്ചുവരുന്ന സിം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ പുതിയ പരിഷ്കാരവുമായി കേന്ദ്ര ടെലികോം വകുപ്പ്. ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത ശേഷം ഒ.ടി.പി മുഖേന തട്ടിപ്പുനടത്തുന്ന സംഘങ്ങള്‍ രാജ്യത്ത് പെരുകുന്നതോടെയാണ് പുതിയ മാര്‍ഗം അവതരിപ്പിക്കാന്‍ ടെലികോം വകുപ്പ് ഒരുങ്ങുന്നത്. ഏതെങ്കിലും കാരണത്താല്‍ സിം മാറ്റി വാങ്ങിയാല്‍ ആദ്യ 24 മണിക്കൂറില്‍ ഇനി മുതല്‍ മെസേജുകള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കില്ല.
സിം സ്വാപ്പിങ് എന്നറിയപ്പെടുന്ന തട്ടിപ്പിന് തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ പരിഷ്കാരം. സാധാരണയായി സിം കാര്‍ഡ് കേടുവരികയോ നഷ്ടപ്പെടുകയോ ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാണ് ഉപഭോക്താവ് ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നത്. പുതിയ സിമ്മിന് അപേക്ഷിക്കുമ്പോള്‍ പഴയത് ഡിയാക്ടിവേറ്റ് ആകുന്നു. മെസേജുകളും ഫോണ്‍ കോളുകളും പുതിയ സിമ്മിലേയ്ക്ക് വരുന്നു. തട്ടിപ്പുകാര്‍ ഇതിനെ ഒരു അവസരമായി കാണുന്നു. ഫോണുകള്‍ നഷ്ടപ്പെടുമ്പോഴും വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോഴുമൊക്കെ തട്ടിപ്പ് സംഘങ്ങള്‍ക്ക് സിം സ്വാപ്പിങ്ങിനുള്ള അവസരം ലഭിക്കുന്നു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് തട്ടിപ്പുകാര്‍ പുതിയ സിമ്മിന് അപേക്ഷിക്കുന്നു. ഇതോടെ യഥാര്‍ഥ ഉപഭോക്താവിന്റെ പക്കലുള്ള പഴയ സിം കാര്‍ഡ് ബ്ലോക്ക് ആവുകയും പുതിയത് ആക്ടീവ് ആവുകയും ചെയ്യുന്നു. ഇടപാടുകള്‍ക്ക് വേണ്ടുന്ന ഒ.ടി.പി ഇതോടെ തട്ടിപ്പുകാരുടെ പക്കലുള്ള സിമ്മിലേയ്ക്ക് വരുന്നു. യഥാര്‍ഥ ഉടമ കാര്യം മനസിലാക്കി വരുമ്പോഴേക്കും ബാങ്ക് അക്കൗണ്ടിലുള്ള പണം മുഴുവന്‍ നഷ്ടമായിക്കഴിയും. ഈ സിം സ്വാപ്പിങ് തടയാനായാണ് കേന്ദ്ര ടെലികോം വകുപ്പ് സിം മാറ്റി വാങ്ങുമ്പോള്‍ ആദ്യ 24 മണിക്കൂറില്‍ എസ്.എം.എസ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.
24 മണിക്കൂര്‍ മെസേജുകള്‍ തടയുന്നതിനാല്‍ ആരെങ്കിലും സിം സ്വാപ്പിങ് രീതിയിലൂടെ തട്ടിപ്പിന് ശ്രമിച്ചാലും യഥാര്‍ഥ ഉപഭോക്താവിന് പരാതിപ്പെടാന്‍ സമയം ലഭിക്കുന്നു. ഇതിലൂടെ തട്ടിപ്പ് ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പുതിയ പരിഷ്കാരം നടപ്പിലാക്കാന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് 15 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.