പോക്സോ കേസ് സമ്മതപ്രകാരമുള്ള ബന്ധങ്ങളെ ക്രിമിനല്‍ കുറ്റമാക്കാനുള്ളതല്ല: ഡല്‍ഹി ഹൈക്കോടതി
ഓരോ കേസും വസ്തുതകളുടേയും സാഹചര്യങ്ങളുടേയും അടിസ്ഥാനത്തില്‍ പരിശോധിക്കപ്പെടണം
ന്യൂഡല്‍ഹി: പോക്സോ നിയമം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക ചൂഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണെന്നും ചെറുപ്പക്കാര്‍ തമ്മില്‍ സമ്മതപ്രകാരമുള്ള ബന്ധങ്ങളെ കുറ്റകരമാക്കിമാറ്റുന്നതിന് വേണ്ടിയല്ലെന്നും ഡല്‍ഹി ഹൈക്കോടതി. 17 കാരിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ബലാത്സംഗക്കേസും പോക്സോ കേസും ചുമത്തപ്പെട്ടയാള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
‘എന്റെ അഭിപ്രായത്തില്‍ 18 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി ഉദ്ദേശിച്ചുള്ളതാണ് പോക്സോ. ചെറുപ്പക്കാരുടെ സമ്മതപ്രകാരമുള്ള ബന്ധത്തെ കുറ്റകരമാക്കിമാറ്റുന്നതിന് വേണ്ടിയുള്ളതല്ല’ . ജസ്റ്റിസ് ജസ്മീത് സിങ് പറഞ്ഞു.
‘എന്നാല്‍ ലൈംഗിക ചൂഷണത്തിന് ഇരയായ ആളുകളെ നിര്‍ബന്ധിച്ച് ഒത്തുതീര്‍പ്പിലെത്തിക്കുന്ന സാഹചര്യവും ഉണ്ടാകാം. അതുകൊണ്ട് ഓരോ കേസും വസ്തുതകളുടേയും സാഹചര്യങ്ങളുടേയും അടിസ്ഥാനത്തില്‍ പരിശോധിക്കപ്പെടണം.’ അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ സമ്മതപ്രകാരമാണ് പ്രതിയെ വിവാഹം ചെയ്തതെന്നും അയാള്‍ക്കൊപ്പം താമസിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഈ തീരുമാനങ്ങളില്‍ യാതൊരു വിധ സമ്മര്‍ദ്ദങ്ങളുമില്ലെന്നും കേസില്‍ 17 കാരിയായ പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. ഈ പ്രതികരണം കണക്കിലെടുത്ത കോടതി ഇരുവരും തമ്മിലുള്ള ബന്ധം ബലാത്കാരമുള്ളതല്ലെന്ന് നിരീക്ഷിച്ചു.
പെണ്‍കുട്ടിയാണ് കേസില്‍ പ്രതിയായ ആളെ സമീപിച്ച് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇരുവരും തമ്മില്‍ പ്രണയ ബന്ധത്തിലായിരുന്നുവെന്നും സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണുണ്ടായതെന്നും കോടതി പറഞ്ഞു.
‘കേസില്‍ ഇരയായ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. അവരുടെ പ്രസ്താവനയ്ക്ക് നിയമപരമായ പിന്തുണയില്ല. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധവും സാഹചര്യങ്ങളും ജാമ്യം അനുവദിക്കുന്നതിന് പരിഗണിക്കേണ്ടതുണ്ട്.’ പ്രതിയെ ജയിലിലടയ്ക്കുന്നത് നീതിനിഷേധമാണെന്നും കോടതി പറഞ്ഞു.
ജാമ്യം നല്‍കിയെന്നത് കൊണ്ട് പ്രതി നിരപരാധിയാണെന്ന് അര്‍ത്ഥമില്ലെന്നും ജാമ്യം നല്‍കുകമാത്രമാണ് കേസ് തള്ളിക്കളഞ്ഞിട്ടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.