വിവാഹമോചന വാർത്തകൾക്കിടെ സാനിയയെ ടാഗ് ചെയ്ത് ഷൊയ്ബ് മാലിക്കിന്റെ കുറിപ്പ്, പ്രതികരിക്കാതെ താരം
വേർപിരിയൽ വാർത്തകൾക്കിടെ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഭർത്താവും പാക് ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക്. ‘ജന്മദിനാശംസകൾ, സന്തോഷകരവും ആരോഗ്യപ്രദവുമായ ജീവിതം നേരുന്നു, ഈ ദിനം മുഴുവനായും ആഘോഷിക്കൂ’ എന്നാണ് ഷൊയ്ബ് മാലിക് ആശംസകൾ നേർന്നുകൊണ്ട് ട്വിറ്ററിൽ കുറിച്ചത്. അതേസമയം, ഇതിനോട് സാനിയ മിർസ പ്രതികരിച്ചിട്ടില്ല.
അതിനിടെ, ഇരുവരും ഒരു പുതിയ റിയാലിറ്റി ഷോയിൽ ഒരുമിച്ചെത്തുകയാണെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മിർസ മാലിക് എന്ന പേരിലെത്തുന്ന പരിപാടിയിൽ താരദമ്പതികൾ ഒരുമിച്ചെത്തുന്ന വിവരം ഉർദുഫ്ളിക്സ് എന്ന ഒടിടി പ്ളാറ്റ്ഫോം ആണ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. എന്നാൽ വിവാഹമോചന വാർത്തകൾക്കിടെയെത്തിയ ഈ അറിയിപ്പ് ആരാധകരെയാകെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. പരിപാടിയെക്കുറിച്ച് ഇരുവരും പങ്കുവയ്ക്കാത്തതും ആരാധകരെ കുഴപ്പിക്കുന്നു.
സാനിയയും ഷൊയ്ബും അടുപ്പത്തിലല്ലെന്നും കുറച്ച് നാളായി വേർപിരിഞ്ഞുകഴിയുകയാണെന്നും ചില പാകിസ്ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ സാനിയ പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വിവാഹമോചന വാർത്തകൾക്ക് ശക്തി കൂട്ടിയത്. ‘തകർന്ന ഹൃദയങ്ങൾ എങ്ങോട്ടേക്കാണ് പോകുന്നത്? അള്ളാഹുവിനെ തേടാൻ’ എന്നായിരുന്നു സാനിയ പോസ്റ്റിൽ കുറിച്ചത്. ഇരുവരും അകന്നുകഴിയുകയാണെന്നും മകൻ ഇഷാന് വേണ്ടിമാത്രമാണ് ഒരുമിക്കുന്നതെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇരുവരും വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.