കെ സുധാകരന്റെ പ്രസ്താവന അംഗീകരിക്കാൻ കഴിയാത്തത്, നിസാരമായി കാണുന്നില്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി
മലപ്പുറം: കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ ആർ എസ് എസ്- നെഹ്റു പ്രസ്താവന കോൺഗ്രസിന്റെ ചരിത്രത്തിന് വിരുദ്ധമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി എം എ സലാം പറഞ്ഞു. അംഗീകരിക്കാൻ കഴിയാത്ത പ്രസ്താവനയാണ് കെ സുധാകരൻ നടത്തിയതെന്നും പി എം എ സലാം കുറ്റപ്പെടുത്തി.
ബി ജെ പിയുമായി സഖ്യമുണ്ടാക്കാത്ത പാർട്ടിയാണ് കോൺഗ്രസ്. ഇക്കാരണത്താലാണ് മുസ്ലീം ലീഗ് കോൺഗ്രസിനൊപ്പം തുടരുന്നത്. കോൺഗ്രസിൽ നിന്ന് ഇത്തരം പ്രസ്താവനകൾ ഉണ്ടാവുന്നത് ലീഗ് നിസാരമായി കാണുന്നില്ല. ഇത്തരത്തിലെ പ്രസ്താവനകൾ കോൺഗ്രസിന്റെ ചരിത്രത്തെ കളങ്കപ്പെടുത്തുന്നതാണെന്നും പി എം എ സലാം പറഞ്ഞു.
സുധാകരൻ നടത്തിയ പ്രസ്താവനയിൽ മുന്നണിയെ അതൃപ്തി അറിയിച്ചതായി മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം എം കെ മുനീറും വെളിപ്പെടുത്തിയിരുന്നു. നാളെ പാണക്കാട് ചേരുന്ന ലീഗ് യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യും. വാക്കുപിഴയെന്ന വിശദീകരണം അംഗീകരിക്കണമോയെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കും. ലീഗ് മുന്നണി വിടുമെന്നത് സിപിഎമ്മിന്റെ നടക്കാത്ത സ്വപ്നമാണ്. മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് എം കെ മുനീർ വ്യക്തമാക്കി.
സുധാകരന്റെ പ്രസ്താവനയിൽ കോൺഗ്രസ് ഹൈക്കമാൻഡും അതൃപ്തി അറിയിച്ചിരുന്നു. പ്രസ്താവന എതിരാളികൾ ആയുധമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രസ്താവനകൾ ദേശീയതലത്തിൽ തിരിച്ചടിയാകുമെന്നും കോൺഗ്രസിന് ആശങ്കയുണ്ട്.
ആർ എസ് എസ് നേതാവായ ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിക്കൊണ്ട് നെഹ്റു വർഗീയ ഫാസിസത്തോട് സന്ധിചെയ്യാൻ തയ്യാറായെന്നായിരുന്നു കെ സുധാകരന്റെ പ്രസ്താവന. കണ്ണൂരിലെ നവോത്ഥാന സദസിൽ വച്ചായിരുന്നു കെ സുധാകരന്റെ വിവാദ പരാമർശം. എ കെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കിയത് നെഹ്റുവിന്റെ ഉയർന്ന ജനാധിപത്യ ബോധമാണ് കാണിക്കുന്നതെന്നും മറ്റൊരു നേതാവും ഇങ്ങനെ ചെയ്യില്ലെന്നും സുധാകരൻ പറഞ്ഞു. വിമർശനങ്ങൾക്ക് നെഹ്റു വലിയ സ്ഥാനമാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ എസ് എസിന്റെ ശാഖ സംരക്ഷിക്കാൻ ആളെ വിട്ടിരുന്നെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് സുധാകരന്റെ പുതിയ പരാമർശം.