തിരുവനന്തപുരം: ബി.ജെ.പിയുടെ പൗരത്വ നിയമത്തിലെ വിശദീകരണ യോഗം ബഹിഷ്കരിച്ച് വ്യാപാരികള്‍. തിരുവനന്തപുരം പോത്തന്‍കോടും കല്ലറിയിലും ബി.ജെ.പിയുടെ പൊതുയോഗം നടക്കുമ്പോളാണ് വ്യാപാരികള്‍ കടകടച്ചിട്ട് പ്രതിഷേധിച്ചത്.പൗരത്വബില്ലിനെ അനുകൂലിച്ചും നിയമം വിശദീകരിച്ചും ബി.ജെ.പി സംഘടിപ്പിച്ചു വരുന്ന ജനജാഗ്രതാ സദസ്സിന്റെ ഭാഗമായിട്ടായിരുന്നു പൊതുയോഗം. പ്രഭാഷകനായി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി വന്ന് പരിപാടി തുടങ്ങാനാവുമ്പോഴേക്കും പോത്തന്‍കോട് ജംഗ്ഷന് കാലിയായി. 90 ശതമാനം വ്യാപാരികളും കടകളടച്ചിട്ടു. മെഡിക്കല്‍ ഷോപ്പുകളും ഹോട്ടലുകളും വരെ അടഞ്ഞുകിടന്നു.
ഉച്ചക്ക് കല്ലറയിലും സമാനമായ ബഹിഷ്കരണ പ്രതിഷേധം നടന്നു. നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൗരത്വനിയമവുമായി ബന്ധപ്പെട്ട ബി.ജെ.പി പരിപാടികള്‍ക്ക് നേരെ ബഹിഷ്കരണം നടക്കുന്നുണ്ട്.ഇതിന് മുമ്പും ബി.ജെ.പിയുടെ കേന്ദ്രനുകൂല പൊതുയോഗങ്ങൾ ജനങ്ങൾ കൂട്ടമായി തലസ്ഥാനത്ത് ബഹിഷ്ക്കരിച്ചിരുന്നു.കേന്ദ്രമന്ത്രി കിരൺ റിജ്ജ്ജുവിന്റെ ഗൃഹസമ്പർക്ക പരിപാടിക്കും തണുത്ത പ്രതികരണമായിരുന്നു തിരുവനന്തപുരത്ത്.നേരത്തെ കാസർകോട് മുളിയാർ ബോവിക്കാനത്തും ബിജെപി യെ ജനം ബഹിഷ്ക്കരിച്ചിരുന്നു.