ഗൃഹപ്രവേശം ക്ഷണിക്കാന്‍പോയ യുവാവ് അപകടത്തില്‍ മരിച്ചു, റോഡില്‍ കിടന്നത് അരമണിക്കൂര്‍
എസ്.ആർ.സിബിൻ
തിരുവനന്തപുരം: അടുത്തയാഴ്ച നിശ്ചയിച്ച വീടിന്റെ ഗൃഹപ്രവേശച്ചടങ്ങ് ക്ഷണിക്കാന്‍പോയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. നഗരൂര്‍ ചെമ്മരത്തുമുക്ക് രാലൂര്‍ക്കാവ് പുതുശേരി വിളാകത്ത് വീട്ടില്‍ എം. സ്വാമിദാസിന്റെയും അങ്കണവാടി അധ്യാപിക ജി.എസ്.രാജേശ്വരിയുടെയും മകന് എസ്. ആര്.സിബിന് (25) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10.40-ന് കിളിമാനൂര്‍-ആലംകോട് റോഡില്‍ ചൂട്ടയില്‍ മുസ്ലിം പള്ളിക്ക് മുന്നിലായിരുന്നു അപകടം. വിദേശത്ത് ജോലിചെയ്തിരുന്ന സിബിന് രാലൂര്‍ക്കാവില്‍ പണികഴിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകള്‍ക്കായാണ് കഴിഞ്ഞമാസം നാട്ടിലെത്തിയത്.
ചടങ്ങിന് ബന്ധുക്കളെ ക്ഷണിക്കാന്പോയി തിരികെ മടങ്ങുമ്പോള്‍ ബൈക്ക് ചാറ്റല്‍മഴയെ തുടര്‍ന്ന് റോഡില്‍നിന്നു തെന്നിമാറി റോഡരികിലെ മൈല്കുറ്റിയിലിടിക്കുകയും സിബിന് ഓടയ്ക്കുള്ളിലേക്ക് തലയിടിച്ച് വീഴുകയുമായിരുന്നുവെന്നാണ് കരുതുന്നത്.
അപകടസമയത്ത് മറ്റാരും ഇല്ലാത്തതിനാല്‍ അരമണിക്കൂറോളം സിബിന് റോഡില്‍ത്തന്നെ കിടന്നു. അപകടവിവരമറിഞ്ഞ് പോലീസും സിബിന്റെ സുഹൃത്തുക്കളും എത്തിയപ്പോഴേക്കും മരിച്ചിരുന്നു.സിബിന് പുതുതായി നിര്‍മിച്ച വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്കരിച്ചു. എസ്.ആര്.സിജിന്‍ സഹോദരനാണ്.