മഴയ്ക്കിടെ ബസ് സ്റ്റാൻഡിൽ കോൺഗ്രസ് നേതാവിന്റെ കുളി; വ്യത്യസ്തമായ പ്രതിഷേധം കണ്ട് അതിശയിച്ച് യാത്രക്കാർ
കോട്ടയം: ബസ് സ്റ്റാൻഡിലെ ചോർച്ചയ്ക്കെതിരെ കുളിച്ച് പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ്. പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലാണ് ഇന്നലെ വൈകിട്ട് വ്യത്യസ്തമായ കുളി സമരം അരങ്ങേറിയത്. കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി ജോസ് ആണ് പ്രതിഷേധം നടത്തിയത്.കെ എം മാണി സ്മാരകമായി പുതുക്കി നിർമ്മിച്ച കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെ യാത്രക്കാരുടെ വിശ്രമ കേന്ദ്രത്തിന് സമീപമാണ് മേൽക്കൂര തകർന്ന് വെള്ളം അകത്തേയ്ക്ക് വീഴുന്നത്. മഴ പെയ്താൽ യാത്രക്കാർക്ക് ഈ ഭാഗത്ത് നിൽക്കാൻ പോലും ആകാത്ത വിധം വെള്ളം കെട്ടിക്കിടക്കും. ഏറെ നാളായിട്ടും ഇതിന് പരിഹാരം കാണാൻ നഗരസഭ തയാറാകാത്തതിൽ പ്രതിഷേധിച്ച് ആയിരുന്നു മണ്ഡലം പ്രസിഡന്റിന്റെ സമരം.