യുപിയിലെ വോട്ടർ പട്ടികയിൽ പാകിസ്ഥാനി യുവതിയുടെ പേര്, വിവാദമായതിന് പിന്നാലെ വിശദീകരണവുമായി അധികൃതർ
ലക്നൗ: ഉത്തർപ്രദേശിലെ മൊറാദാബാദിലെ വോട്ടർ പട്ടികയിൽ പാകിസ്ഥാനി യുവതിയുടെ പേര്. പക്ബാര നഗറിൽ താമസിക്കുന്ന സബ പർവീൺ എന്ന പാകിസ്ഥാനി യുവതിയുടെ പേരാണ് വോട്ടർ പട്ടികയിൽ ചേർക്കപ്പെട്ടത്. സംഭവം വിവാദമായതിന് പിന്നാലെ അധികൃതർ ഇവരുടെ പേര് നീക്കി.
2005ൽ നദീം അഹമ്മദ് എന്നയാളെ വിവാഹം ചെയ്ത സബ അന്നുമുതൽ ഉത്തർപ്രദേശിൽ താമസിച്ചുവരികയാണെന്ന് ജില്ലാ കളക്ടർ ശൈലേന്ദ്ര കുമാർ സിംഗ് പറഞ്ഞു. 2017ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയിലും സബയുടെ പേര് ഉൾപ്പെടുത്തിയിരുന്നു. ദീർഘകാല വിസയിലാണ് സബ ഇന്ത്യയിൽ താമസിക്കുന്നത്. അതുകൊണ്ട് തന്നെ നിയമപ്രകാരം സബയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനാകില്ല. അതിനാലാണ് അവരുടെ പേര് നീക്കിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു. വോട്ടർ പട്ടിക സംബന്ധിച്ച് ഒരു അന്വേഷണം അടുത്തിടെ നടത്തിയതിൽ നിന്നാണ് ഈ വിഷയം പുറത്തുവരുന്നത്.
പിഴവ് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ പറയുന്നു.സംഭവത്തിൽ സ്ഥിരീകരണം ലഭിച്ചുകഴിഞ്ഞ് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.