സഹോദരിമാരെ പീഡിപ്പിച്ച സിവിൽ പൊലീസ് ഓഫീസർ ഒളിവിൽ; പോക്സോ കേസ് എടുത്തതിന് പിന്നാലെ സസ്പെൻഡ് ചെയ്തു
കോഴിക്കോട്: പോക്സോ കേസിൽ പ്രതിയായ സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സി പി ഒ വിനോദ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. കോഴിക്കോട് റൂറൽ എസ് പിയുടേതാണ് നടപടി. സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.വിനോദ്കുമാർ ഒളിവിലാണ്. രണ്ട് വർഷത്തിനിടെ മക്കളെ നിരവധി തവണ പീഡിപ്പിച്ചെന്ന് കാണിച്ച് പെൺകുട്ടികളുടെ മാതാവാണ് പൊലീസിൽ പരാതി നൽകിയത്. തനിക്കെതിരെയും ലൈംഗികാതിക്രമം നടത്തിയെന്നും പരാതിയിൽ പറയുന്നു. ഈ പരാതിയിലും കോഴിക്കോട് കൂരാച്ചുണ്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.പരാതിക്കാരുടെ രഹസ്യമൊഴിയെടുത്ത ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, അമ്പലവയൽ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗ്രേഡ് എഎസ്ഐ ടി ജി ബാബു ഇപ്പോഴും ഒളിവിൽ തുടരുകയാണ്.