ഹൈദരാബാദിലെ ഹോസ്റ്റലില്‍ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം; അഞ്ച് പേർ അറസ്റ്റില്‍ |
ഹൈദരാബാദ്: ഹോസ്റ്റലില്‍ നിയമ വിദ്യാര്‍ഥിയെ മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഹൈദരാബാദ് ഐ.സി.എഫ്.എ.ഐ. ബിസിനസ് സ്കൂളിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥി ഹിമാങ്ക് ബന്‍സാലാണ് അതേ സ്കൂളിലെ മറ്റു വിദ്യാര്‍ഥികളുടെ മര്‍ദനത്തിനിരയായത്.
ഹിമാങ്കിനെ അടിക്കുകയും ചവിട്ടുകയും കൈകള്‍ വളച്ചൊടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. പന്ത്രണ്ടോളം പേര് ചേര്‍ന്നാണ് മര്‍ദിച്ചത്. ഇവരില്‍ അഞ്ചുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പോലീസ് വ്യക്തമാക്കി. കഴിഞ്ഞ നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഹിമാങ്ക് സാമൂഹിക മാധ്യമത്തില്‍ ഇട്ട കമന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ വിദ്യാര്‍ഥി പരാതി നല്‍കിയതോടെയാണ് പോലീസ് കേസെടുത്തത്. ട്രൗസര്‍ അഴിച്ചില്ലെങ്കില്‍ തല്ലിക്കൊല്ലുമെന്ന് വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിയതായും ഹിമാങ്ക് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
‘ബോധം പോകുന്നതുവരെ നമ്മളിന്നിവനെ തല്ലും. പുതിയ ലോകം എന്താണെന്ന് അവന് അറിയട്ടെ’ എന്ന് മര്‍ദനത്തിനിടെ ഒരാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഒരാള്‍ ഹിമാങ്കിന്റെ പഴ്സ് തട്ടിപ്പറിച്ചെടുത്ത് ആവശ്യമായ പണം എടുത്തോ എന്നുപറഞ്ഞ് മറ്റൊരാള്‍ക്ക് കൈമാറുന്നതും വീഡിയോയിലുണ്ട്. അതിനിടെ, കൃത്യത്തില്‍ ഏര്‍പ്പെട്ട 12 പേരെയും സസ്പെന്‍ഡ് ചെയ്തതായി ഐ.സി.എഫ്.എ.ഐ. അധികൃതര്‍ വ്യക്തമാക്കി.