ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമം, പ്ലാറ്റ്ഫോമിൽ തെറിച്ചു വീണ പെൺകുട്ടിക്ക് രക്ഷകനായി ആർ പി എഫ് ഉദ്യോഗസ്ഥൻ
മലപ്പുറം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ പിടിവിട്ട് പ്ലാറ്റ്ഫോമിൽ തെറിച്ചു വീണ പെൺകുട്ടിക്ക് അദ്ഭുത രക്ഷപ്പെടൽ. തിരൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പുലർച്ചെ 5.30നാണ് സംഭവം. പ്ലാറ്റ്ഫോമിലേക്ക് വീണ പെൺകുട്ടിയെ റെയിൽവേ ട്രാക്കിലേക്ക് വീഴാതെ ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ സതീശൻ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.ഷൊർണൂരിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെമു ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് 17കാരി തെറിച്ചുവീണത്. തിരൂരിൽ രണ്ട് മിനിട്ടാണ് ട്രെയിൻ നിറുത്തുന്നത്. പെൺകുട്ടി എത്തിയപ്പോൾ ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതും തെറിച്ചുവീണതും, പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിലേക്ക് തെറിച്ചുവീഴാൻ പോയ പെൺകുട്ടിയെ സതീശൻ രക്ഷപ്പെടുത്തുകയായിരുന്നു.കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി കാഞ്ഞിപ്പുറത്ത് ശ്രീധരൻ നായരുടെയും പത്മിനിയുടെയും മകനാണ് സതീശൻ. സതീശനെ ആർ.പി.എഫ് ഐ.ജി ഈശ്വർ ഖാവും റിവാർഡ് നൽകി ആദരിച്ചു.