കോട്ടയത്തുനിന്ന് കാണാതായ ഒൻപതുപേരെയും കണ്ടെത്തി; സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് പെൺകുട്ടികൾ
കോട്ടയം: മാങ്ങാനത്ത് നിന്ന് കാണാതായ ഒൻപത് പെൺകുട്ടികളെ കണ്ടെത്തി. എറണാകുളത്തെ ഇലഞ്ഞിയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. സംഘത്തിലുണ്ടായിരുന്ന ഒരു കുട്ടിയുടെ ബന്ധുവീട്ടിലായിരുന്നു പെൺകുട്ടികൾ. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് അവർ പൊലീസിനോട് പറഞ്ഞു.
മാങ്ങാനത്ത് മഹിളാ സമഖ്യ എൻജിഒ നടത്തുന്ന സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്നാണ് പോക്സോ കേസിലെ അതിജീവിത അടക്കമുള്ള പെൺകുട്ടികൾ ചാടിപ്പോയത്. പുലർച്ചെ അഞ്ചരയോടെ ജീവനക്കാർ വിളിച്ചുണർത്താൻ ചെന്നപ്പോഴാണ് കുട്ടികൾ കടന്നുകളഞ്ഞതായി മനസിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പോക്സോ കേസുകളിൽ അകപ്പെടുന്നവരും കുടുംബ പ്രശ്നങ്ങളുള്ളവരുമായ പന്ത്രണ്ടോളം പെൺകുട്ടികളാണ് ഇവിടെ താമസിക്കുന്നത്. ഷെൽട്ടർ ഹോമിന് ശിശുക്ഷേമ സമിതിയുടെ അംഗീകാരമുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി ഇവിടെ പ്രതിഷേധങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.