കാമുകിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; ശരീരഭാഗങ്ങൾ ഉപേക്ഷിച്ചത് 18 ദിവസങ്ങൾ കൊണ്ട്
ന്യൂഡൽഹി: വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച ലിവിംഗ് ടുഗദർ പങ്കാളിയെ 35 കഷ്ണങ്ങളായി വെട്ടിനുറുക്കി പല സ്ഥലങ്ങളിൽ ഉപേക്ഷിച്ച യുവാവ് അറസ്റ്റിൽ. മേയ് 18ന് ഡൽഹിയിലാണ് കൊലപാതകം നടന്നത്. മുംബയിലെ മൾട്ടിനാഷണൽ കമ്പനിയിലെ കോൾ സെന്റർ ജീവനക്കാരിയായ ശ്രദ്ധ (26) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ശ്രദ്ധയുടെ പങ്കാളിയായ അഫ്താബ് അമീൻ പൂനവാല കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ അറസ്റ്റിലായി.
കോൾ സെന്ററിലെ ജോലിക്കിടെയാണ് ശ്രദ്ധ അഫ്താബിനെ കണ്ടുമുട്ടുന്നത്. പിന്നാലെ ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുകയും ചെയ്തു. എന്നാൽ ശ്രദ്ധയുടെ മാതാപിതാക്കൾ ബന്ധത്തിന് എതിരായതോടെ ഇരുവരും ഡൽഹിയിലേയ്ക്ക് ഒളിച്ചോടുകയും മെഹ്റോളിയിൽ ഒരു ഫ്ളാറ്റെടുത്ത് താമസിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ മേയ് 18ന് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും അഫ്താബ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നാലെ യുവതിയുടെ മൃതദേഹം 35 കഷ്ണങ്ങളായി വെട്ടിനുറുക്കി. ഒരു ഫ്രിഡ്ജ് വാങ്ങി അതിൽ സൂക്ഷിച്ചു. തുടർന്ന് അടുത്ത പതിനെട്ട് ദിവസങ്ങളിൽ പുലർച്ചെ രണ്ട് മണിയോടെ പുറത്തിറങ്ങി ഡൽഹിയിൽ വിവിധ സ്ഥലങ്ങളിലായി ശരീരഭാഗങ്ങൾ ഉപേക്ഷിക്കുകയായിരുന്നു.
ഡൽഹിയിലേയ്ക്ക് എത്തിയതിന് പിന്നാലെ ശ്രദ്ധ മാതാപിതാക്കളുമായി ബന്ധം പുലർത്തിയിരുന്നില്ല. നവംബർ എട്ടിന് ശ്രദ്ധയുടെ പിതാവ് വികാസ് മദൻ മകളെ അന്വേഷിച്ച് ഡൽഹിയിലെത്തി. ഫ്ളാറ്റിലെത്തിയപ്പോൾ പൂട്ടിയ നിലയിൽ കണ്ടതിനെത്തുടർന്ന് മകളെ തട്ടികൊണ്ടുപോയെന്ന് കാട്ടി യുവാവിനെതിരെ പൊലീസിൽ പരാതി നൽകി. പരാതിയെത്തുടർന്ന് പൊലീസ് അഫ്താബിനെ അറസ്റ്റ് ചെയ്തു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ശ്രദ്ധയെ കൊലപ്പെടുത്തിയതായി ഇയാൾ വെളിപ്പെടുത്തിയത്. ശ്രദ്ധ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചിരുന്നു. ഇതിന്റെ പേരിൽ ഇരുവരും നിരന്തരം വഴക്കിട്ടിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് യുവാവ് പൊലീസിന് മൊഴി നൽകിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശ്രദ്ധയുടെ ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.