രാത്രിയിൽ കശാപ്പുചെയ്ത് കടയിൽ ഇറച്ചി തൂക്കിയിടും, ആളൊഴിയുമ്പോൾ തെരുവുനായ്ക്കൾ കൂട്ടത്തോടെയെത്തി കടിച്ചുവലിക്കും, ശേഷം വിൽപ്പന
കോടാലി: കോടാലിയിലെ മാംസ വിൽപ്പന ശാലകളിൽ വിൽക്കുന്ന മാംസം തെരുവുനായ്ക്കൾ കടിച്ച മാംസം. തെരുവുനായ്ക്കൾ കൂട്ടത്തോടെയെത്തി മാംസം കടിച്ചു തിന്നുന്ന ദൃശ്യം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ്, അശ്വതി വിബിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും ചേർന്ന് കട അടപ്പിച്ചു.
വിൽക്കാൻ വച്ചിരുന്ന മാംസം പിടികൂടി കുഴിച്ചുമൂടി. രാത്രിയിൽ കശാപ്പ് ചെയ്ത് കൊണ്ടുവരുന്ന മാംസം കടയിൽ തൂക്കിയിട്ട ശേഷം വിൽപ്പനക്കാർ സ്ഥലം വിടും. രാവിലെയെത്തിയാണ് വിൽപ്പന. രാത്രി മുഴുവനും തെരുവുനായ്ക്കളെത്തി മാംസം കടിച്ച് വലിച്ച് ഭക്ഷിക്കും. ഇതിന് ശേഷമാണ് വിൽപ്പന. കോടാലിയിൽ ബീഫ് വിൽക്കുന്ന മൂന്ന് കടകളാണുള്ളത്. വിൽക്കുന്നതും കശാപ്പ് നടത്തുന്നതുമായ സ്ഥലം വൃത്തിഹീനമാണ്. അധികൃതരുടെ കൺമുന്നിലാണ് ഇതെല്ലാം നടക്കുന്നത്.