ലോ അക്കാദമി വിദ്യാര്‍ഥികളെ വീട് കയറി മര്‍ദിച്ച് സിപിഎം കൗണ്‍സിലറുടെ മകനും സംഘവും
• അമ്പലംമുക്ക് മണ്ണടി ലെയ്നിൽ താമസിക്കുന്ന വിദ്യാർഥികളെ മർദിക്കുന്നതിന്റെ ദൃശ്യം
തിരുവനന്തപുരം: മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘം സമീപത്തെ വീട്ടില്‍ പേയിങ് ഗസ്റ്റുകളായി താമസിക്കുന്ന വിദ്യാര്‍ഥികളെ വീടുകയറി മര്‍ദിച്ചു. ലോ അക്കാദമി വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്.സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ്ചെയ്തു.കുടപ്പനക്കുന്ന് വാര്‍ഡിലെ സി.പി.എം. കൗണ്‍സിലറുടെ മകന് വിഷ്ണു, രാഹുല്‍ എന്നിവര്‍ക്കെതിരേയാണ് പേരൂര്‍ക്കട പോലീസ് കേസെടുത്തത്.
ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. മര്‍ദനത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. അമ്പലംമുക്ക് മണ്ണടി ലെയ്നില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചീത്ത വിളിച്ച് അകത്തുകയറിയ സംഘം വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുറിയില്‍ കയറി ഒരു വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം. മറ്റുള്ളവര്‍ ചേര്‍ന്ന് ഇവരെ തടയുന്നതും കാണാം.
നിധീഷ്, ആമിന്, ദീപു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളുടെ വൈദ്യപരിശോധന പോലീസ് വൈകിപ്പിച്ചെന്നുമാണ് പരാതിക്കാരുടെ ആരോപണം.യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ മര്‍ദിച്ചതെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.