പ്രതിഷേധത്തിനിടെ സച്ചിൻ ദേവ് എം എൽ എയുടെ പേഴ്സണൽ സ്റ്റാഫ് കെ എസ് യുക്കാരെ മർദ്ദിച്ചു, പരാതിയുമായി കോവളം എം എൽ എ
തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ വീടിനുമുന്നിൽ പ്രതിഷേധിക്കാനെത്തിയ കെ എസ് യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ കോവളം എം എൽ എ വിൻസെന്റ് സ്പീക്കർക്ക് പരാതി നൽകി.മേയറുടെ ഭർത്താവായ സച്ചിൻ ദേവ് എം എൽ എയുടെ പേഴ്സണൽ സ്റ്റാഫ് പ്രവർത്തകരെ ആക്രമിച്ചുവെന്നും ഇവർക്കെതിരെ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. സച്ചിൻ ദേവിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അബിൻ സത്യൻ എന്നയാൾ കെ എസ് യു പ്രവർത്തകരെ മർദ്ദിച്ചു. ഇത് സർക്കാർ ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന ആളെന്ന നിലയിൽ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾക്ക് എതിരാണ്. അതിനാൽ ഇയാൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വിൻസെന്റ് എം എൽ എ സ്പീക്കർക്ക് പരാതി നൽകിയത്.
നിയമനക്കത്ത് വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതിഷേധത്തിന്റെ ഭാഗമായാണ് മേയർ ആര്യാരാജേന്ദ്രന്റെ വീടിനുമുന്നിൽ കെ എസ് യു പ്രവർത്തകർ പ്രതിഷേധിച്ചത്. മേയറെ ഇവർ കരിങ്കൊടി കാണിക്കുകയും ചെയ്തു. ഇതിനിടെയാണ് സ്ഥലത്തുണ്ടായിരുന്ന ഡി വൈ എഫ് ഐ പ്രവർത്തകർ ഉൾപ്പടെയുള്ളവർ കെ എസ് യുക്കാരെ മർദ്ദിച്ചത്.
അതേസമയം, കത്ത് വിവാദത്തിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനും,പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായ ഡി ആർ അനിൽ ക്രൈംബ്രാഞ്ചിനും വിജിലൻസിനും മൊഴി നൽകി. മേയർ ആര്യാ രാജേന്ദ്രന്റെ കത്തിനെക്കുറിച്ച് അറിയില്ലെന്നാണ് അനിൽ അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. കത്ത് താൻ കണ്ടിട്ടില്ല. കുടുംബശ്രീ പ്രവർത്തകരെ നിയമിക്കാൻ ഒരു കത്ത് തയ്യാറാക്കിയിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ് അത് തയ്യാറാക്കിയത്. ഓഫീസിൽ നിന്ന് ആ കത്ത് എങ്ങനെ പുറത്തുപോയെന്ന് അറിയില്ലെന്നാണ് അനിലിന്റെ മൊഴി.
എസ് എ ടി ആശുപത്രിയിലെ നിയമനവുമായി ബന്ധപ്പെട്ടുള്ള അനിലിന്റെ കത്ത് നേരത്തെ പുറത്തുവന്നിരുന്നു. മേയറുടെയും അനിലിന്റെയും കത്തുകളെക്കുറിച്ചും കഴിഞ്ഞ രണ്ട് വർഷം നഗരസഭയിൽ നടന്ന നിയമനങ്ങളെക്കുറിച്ചുമാണ് വിജിലൻസ് അന്വേഷിക്കുന്നത്.
അതിനിടെ, കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയിൽ ഇന്നും പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് കോൺഗ്രസിന്റെ തീരുമാനം. ബി ജെ പി കൗൺസിലർമാരും പ്രതിഷേധിക്കും.പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.