എം.വി.ഡി പറയുന്ന ഉയരം 40 സെ.മീ, നിയമംപാലിച്ചാല്‍ നിലത്തിടിക്കും; കാലെത്താതെ ബസിന്റെ സ്റ്റെപ്പുകള്‍
ബി. അജിത് രാജ്
വന്കുഴികളുള്ള റോഡുകളില്‍ ബസുകളുടെ പിന്‍വശത്തെ ഫുട്ബോര്‍ഡ് തറയില്‍ ഇടിച്ച് തകരാര്‍ സാധ്യതയുണ്ട്. ടയറില്‍നിന്ന് പിന്നിലേക്കുള്ള നീളം (ഓവര്‍ഹാങ്) കൂടുതലായതാണ് കാരണം.
വിദേശത്തുള്ള മകളുടെ അടുത്ത് ഏതാനുംമാസം പോയിനിന്നു വന്നശേഷമാണ് സുരേഷിനും ഭാര്യ സുശീലയ്ക്കും ഇവിടത്തെ സ്വകാര്യ ബസുകാര് വയോജനസൗഹൃദമാകേണ്ടതിന്റെ ആവശ്യം കൂടുതല്‍ വ്യക്തമായത്. മുതിര്‍ന്ന ഒരാള്‍ റോഡരികില്‍ ബസിന് കൈകാണിച്ചാല്‍ നിര്‍ത്താനുള്ള സൗമനസ്യം മുതല്‍ വാഹനത്തില്‍ കയറാനുള്ള ചവിട്ടുപടി ഉയരം കൂട്ടാതിരിക്കുന്നതുവരെ വലിയ വിഷയങ്ങളാണ്.
ഡ്രൈവര്‍ വാഹനം നിര്‍ത്തി ഇറങ്ങിച്ചെന്ന് അവശതയുള്ള യാത്രക്കാരെ ബസില്‍ കയറ്റി സീറ്റ് നല്കുന്ന കാഴ്ച അവര്‍ മുതിര്‍ന്നവര്‍ക്ക് നല്കുന്ന പരിഗണനയുടെ തെളിവായിത്തന്നെയാണ് സുരേഷ് പറയുന്നത്. ഇവിടെ ഏറ്റവും ചുരുങ്ങിയത്, സ്റ്റോപ്പില്‍ നിര്‍ത്താനും അവിടെനിന്ന് സൗകര്യമായി ബസില്‍ കയറാനുമുള്ള നടപടികളെങ്കിലും ഉറപ്പാക്കണം.
ഉയരംകൂടുന്ന ചവിട്ടുപടികള്‍
മോട്ടോര്‍വാഹനനിയമം അനുസരിച്ച് തറനിരപ്പില്‍നിന്ന് ബസുകളുടെ ഫുട്ബോര്‍ഡിന്റെ പരമാവധി ഉയരം 40 സെന്റീമീറ്ററാണ്. യാത്രക്കാരെ (ഭാരം) കയറ്റുമ്പോള്‍ 25 സെന്റീമീറ്റര്‍ ഉയരം ഉണ്ടാകണം. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യയും ഉപരിതലഗതാഗതമന്ത്രാലയവും ഇതുസംബന്ധിച്ച അളവുകള്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. ഇത് പലപ്പോഴും ലംഘിക്കപ്പെടുന്നതാണ് പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്.
പരിശോധന സമയത്ത് എല്ലാം ഓക്കെ
ബസുകള്‍ ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുമ്പോള്‍ ഫുട്ബോര്‍ഡിന്റെ ഉയരം പരിശോധിക്കാറുണ്ട്. ഇതിനുശേഷം ചില സ്വകാര്യ ബസ്സുടമകള്‍ ഫുട്ബോര്‍ഡിന്റെ ഉയരം കൂട്ടും. സസ്പെന്‍ഷനില്‍ മാറ്റംവരുത്തിയാണ് ഇത് സാധിക്കുന്നത്. പിന്‍വശത്തെ ലീഫ് സസ്പെന്‍ഷനെ ബലപ്പെടുത്താന്‍ അധികമായി ഹെല്പ്പര്പ്ളേറ്റുകള് ഘടിപ്പിക്കും. കൂടുതല്‍ യാത്രക്കാരെ കയറ്റി ഓടാന്‍ വേണ്ടിയാണ് ഈ ക്രമീകരണം. കൂടുതല്‍ ഭാരം കയറ്റിയാലും ബസ് താഴില്ല. ഉള്‍പ്രദേശങ്ങളിലെ റോഡുകളിലെ ഹമ്പുകളില്‍ ഫുട്ബോര്‍ഡ് തട്ടുന്നത് ഒഴിവാക്കാം. ഗട്ടര്‍ റോഡുകളില്‍ വേഗമെടുക്കാനും ഇത് സഹായിക്കും.
ബസിന്റെ സസ്പെന്ഷന് കൂടുതല്‍ കാഠിന്യമുള്ളതാകും. യാത്രക്കാരുടെ നടുവൊടിക്കുന്നതാണ് ഈ പരിഷ്കാരം. ഗട്ടറുകളില്‍ തെറിച്ചാകും ബസുകള്‍ നീങ്ങുക. പ്രായമായവര്‍ക്ക് ബസില്‍ കയറാന്‍ പാടാണ്. പുത്തന്‍തലമുറ എയര്‍സസ്പെന്‍ഷന്‍ ബസുകളില്‍ പ്ലാറ്റ്ഫോം ഉയര്‍ത്താനും താഴ്ത്താനും പറ്റും. പ്ലേറ്റുകള്‍ക്ക് പകരം എയര്‍ ബലൂണുകളിലൂടെയാണ് ഭാരം ടയറുകളിലേക്ക് പകരുന്നത്. വായുമര്‍ദം കൂട്ടുമ്പോള്‍ ബസ് ഉയരും. യാത്രക്കാര്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ഫുട്ബോര്‍ഡ് ഉള്‍പ്പെടെ പരമാവധി താഴ്ത്തിക്കൊടുക്കാനാകും. കാറുകള്‍ക്ക് തുല്യമായി ഇവയുടെ ഫുട്ബോര്‍ഡുകള്‍ താഴും.
റോഡും വില്ലന്‍
വന്കുഴികളുള്ള റോഡുകളില്‍ ബസുകളുടെ പിന്‍വശത്തെ ഫുട്ബോര്‍ഡ് തറയില്‍ ഇടിച്ച് തകരാര്‍ സാധ്യതയുണ്ട്. ടയറില്‍നിന്ന് പിന്നിലേക്കുള്ള നീളം (ഓവര്‍ഹാങ്) കൂടുതലായതാണ് കാരണം. ഇത്തരം റോഡുകളെ പേടിച്ചാണ് സ്വകാര്യബസുകാര്‍ ഹെല്പ്പര്പ്ലേറ്റ് ഉപയോഗിച്ച് സസ്പെന്ഷന് ഉയര്‍ത്തുന്നത്. കെ.എസ്.ആര്.ടി.സി. ഇറക്കിയ ലോഫ്ളോര്‍ ബസുകളില്‍ പരമാവധി 25 സെന്റീമീറ്ററാണ് ഫുട്ബോര്‍ഡ് ഉയരം. ഇവ നഗരയാത്രയ്ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ.