സി ഐ സുനു പീഡനമടക്കമുള്ള മൂന്ന് ക്രിമിനൽക്കേസുകളിൽ പ്രതി, മുൻസൈനികന്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തത് സഹായവാഗ്ദാനവുമായി എത്തി
കൊച്ചി: തൃക്കാക്കര കൂട്ടബലാത്സംഗക്കേസിൽ സിഐ അടക്കമുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ ഏഴ് പ്രതികളാണ് ഉള്ളത്. ഇതിൽ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. പരാതിക്കാരിയുടെ വീട്ടുജോലിക്കാരി വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
കേസിലെ മൂന്നാം പ്രതിയാണ് സി ഐ പി ആർ സുനു. തൃക്കാക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന ചേരാനല്ലൂർ സ്വദേശിയെയാണ് പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. പരാതിക്കാരിയുടെ ഭർത്താവ് സാമ്പത്തിക തട്ടിപ്പുകേസിൽ ജയിലിലാണ്. യുവതിയുടെ ഭർത്താവ് മുൻ സൈനികനാണ്. പട്ടാളത്തിൽ ജോലി നേടാൻ സഹായിക്കാമെന്ന് പറഞ്ഞ് ആളുകളിൽ നിന്ന് പണം തട്ടിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
കഴിഞ്ഞ മേയ് മുതലാണ് ബലാത്സംഗം നടന്നതെന്നാണ് പരാതിയിലുള്ളത്. ഭർത്താവിനെ ജയിലിൽ നിന്നിറക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് പട്ടാളക്കാരന്റെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമായ ഇരുപത്തിരണ്ടുകാരിയെ പ്രതികൾ സമീപിക്കുകയായിരുന്നു. തുടർന്ന് വാടകവീട്ടിലെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. മേയിൽ തന്നെ മറ്റൊരു ദിവസമെത്തിയ സുനു വീണ്ടും പീഡിപ്പിച്ചു.
സ്ത്രീപീഡനം അടക്കമുള്ള മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയായ സുനുവിനെതിരെ നേരത്തെ എട്ട് വകുപ്പ് തല അന്വേഷണവും ശിക്ഷാനടപടിയും ഉണ്ടായിട്ടുണ്ട്. ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.