കേരളത്തിലെ തൊഴിൽ രഹിതർക്ക് നീതി ലഭിക്കും വരെ പോരാടും’; മേയറുടെ കത്ത് അബദ്ധമല്ലെന്ന് പ്രകാശ് ജാവ്ദേക്കർ
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് ഒരു അബദ്ധമല്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. കത്ത് ആസൂത്രിതമാണ്. ന്യായമായ രീതിയിൽ നിയമനം നടത്താതെ സിപിഎമ്മിന്റെ ആളുകളെ മാത്രം നിയമിക്കാൻ ഉദ്ദേശിച്ച് നൽകിയ കത്ത് വലിയ അഴിമതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മേയർ കത്ത് നൽകിയ സംഭവം ഇനിമുതൽ നിയമന അഴിമതിയെന്ന് അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിഷേധം നടത്തുന്ന ബിജെപി കൗൺസിലർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്യുന്ന കൗൺസിലർമാരെ അദ്ദേഹം അഭിനന്ദിച്ചു. അവരുടെ പോരാട്ടം വിജയത്തിലെത്തുമെന്ന് ഉറപ്പുണ്ടെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. സമാധാനപരമായ പ്രതിഷേധത്തിനെതിരെ പൊലീസ് ഒന്നല്ല, നാല് ഗ്രനേഡുകൾ എറിഞ്ഞുവെന്നും ഗ്രെനേഡുകൾ സൂക്ഷിക്കുന്നത് തീവ്രവാദികൾ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിൽ ജോലികളില്ല, കഠിന പ്രയത്നത്തെയോ സത്യസന്ധതയെയോ മെറിറ്റിനെയോ സിപിഎം അംഗീകരിക്കുന്നില്ല. അവർക്ക് എല്ലാം അഴിമതിയാണ്. തൊഴിൽ രഹിതരായ കേരളത്തിലെ 43 ലക്ഷം യുവാക്കൾ രോഷാകുലരാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പോരാട്ടം ഇവിടെ അവസാനിപ്പിക്കില്ല. ശരിയായ അന്വേഷണം നടക്കുന്നുവെന്ന് ഉറപ്പുവരുത്തും. തൊഴിൽ രഹിതരായ യുവാക്കൾക്ക് നീതിലഭിക്കും വരെ ഞങ്ങൾ പോരാടും. അവർക്ക് അവകാശമുള്ള തൊഴിലുകളാണ് മോഷ്ടിക്കപ്പെടുന്നത്. ഇത് ഞങ്ങൾ അനുവദിക്കില്ലെന്നും ജാവ്ദേക്കർ പറഞ്ഞു.