രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്, 31 വർഷമായി ജയിലിൽ
ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന നളിനിയെ മോചിപ്പിക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. നളിനി ഉൾപ്പടെ ആറുപേരെ മോചിപ്പിക്കാനാണ് ബി ആർ ഗവായ് അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. ഇതോടെ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾ എല്ലാവരും ജയിൽ മോചിതരാവും. മുപ്പത്തൊന്നുവർഷമായി ജയിലിൽ കഴിയുകയാണ് നളിനി. പലതവണ ഇവർക്ക് പരോൾ ലഭിച്ചിരുന്നു.കേസിലെ മറ്റൊരു പ്രതിയായ പേരറിവാളൻ മുപ്പതുകൊല്ലത്തെ ശിക്ഷയ്ക്കുശേഷം ഈ വർഷം മേയ് 18നാണ് ജയിൽ മോചിതനായത്. പേരറിവാളന്റെ മോചനത്തിന് തൊട്ടുപിന്നാലെ നളിനിയും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയിൽ മോചന ഹർജി നൽയെങ്കിലും അത് തള്ളി. ആർട്ടിക്കിൾ 142ന്റെ പ്രത്യേകാധികാരം ഉപയോഗിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞത്. പ്രതികൾക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. തുടർന്നാണ് തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നളിനി കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.1991 മെയ് 21 -ന് രാത്രി ശ്രീപെരുംപുത്തൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. സ്പെഷ്യൽ ടാഡ കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷം പ്രതികൾക്ക് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മേയ് 11 -ന് മേൽക്കോടതി വധശിക്ഷ ശരിച്ചു. എന്നാൽ 2014 ൽ സുപ്രീംകോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി. ഇവരുടെ ദയാഹർജി കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്ന കാരണം പറഞ്ഞായിരുന്നു ഇത്.