സ്കൂളിലടക്കം കവർച ; മോഷ്ടാവ് പിടിയിൽ
ബേക്കൽ: സ്കൂളിലടക്കം കവർച നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. വിറകിന്റവിട രാധാകൃഷ്ണൻ എന്നറിയപ്പെടുന്ന രാധാകൃഷ്ണൻ (52) ആണ് അറസ്റ്റിലായത്. പാലക്കുന്ന് പച്ചക്കറിക്കട, ബേക്കൽ എഎൽപി സ്കൂൾ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി പൂട്ട് പൊളിച്ച് മോഷണം നടത്തിയ സംഭവത്തിൽ മണിക്കൂറുകൾക്കകമാണ് ഇയാൾ പിടിയിലായത്.
ബേക്കൽ ഇൻസ്പെക്ടർ യുപി വിപിന്റെ നേതൃത്വത്തിൽ മംഗ്ളൂറിൽ നിന്നാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്നും അടുത്തിടെയാണ് ജയിൽ മോചിതനായതെന്നും പൊലീസ് പറഞ്ഞു.
ബേക്കൽ എസ്ഐ രജനീഷ് എം, എസ്ഐമാരായ രാമചന്ദ്രൻ, ജയരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുധീർ ബാബു, പ്രമോദ് എന്നിവരും കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.