കൂടുതല്‍ സ്ത്രീധനത്തിനായി രണ്ടാം വിവാഹം കഴിക്കാന്‍ ഭാര്യയെ ചുട്ടുകൊന്നു; വിചാരണ വെള്ളിയാഴ്ച തുടങ്ങും
2013 ഓഗസ്റ്റ് മൂന്നിന് സുനിതയ്ക്ക് ഒരു ഫോൺ വന്നു എന്നു പറഞ്ഞായിരുന്നു ജോയിയുടെ മർദനത്തെത്തുടര്‍ന്നുള്ള കൊലപാതകം
തിരുവനന്തപുരം: സ്ത്രീധനം കൂടുതൽ കിട്ടുന്ന മറ്റൊരു വിവാഹം കഴിയ്ക്കാൻ 35 കാരിയായ ഭാര്യ സുനിതയെ ചുട്ടുകൊന്ന കേസിൽ വെള്ളിയാഴ്ച വിചാരണ ആരംഭിക്കും. ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്.
ആനാട് വേങ്കവിള വേട്ടമ്പള്ളി നാല് സെന്റ് കോളനി സ്വദേശി ജോയ് ആന്റണി(43), മാതാവ് ലില്ലി ഭായ്, സഹോദരി ജയ എന്നിവരാണ് കേസിലെ പ്രതികൾ. ലില്ലി ഭായ്, ജയ എന്നിവർ ജാമ്യം എടുത്തശേഷം ഒളിവിൽപ്പോയതിനാൽ ജോയ് ആന്റണി മാത്രമാണ് വിചാരണ നേരിടുന്നത്.
2013 ഓഗസ്റ്റ് മൂന്നിന് സുനിതയ്ക്ക് ഒരു ഫോൺ വന്നു എന്നു പറഞ്ഞായിരുന്നു ജോയിയുടെ മർദനം. മൺവെട്ടിക്കൈ കൊണ്ടുള്ള ക്രൂരമർദനത്തിൽ ബോധരഹിതയായിവീണ സുനിതയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച പ്രതികൾ മൂന്നുദിവസം ശരീരാവശിഷ്ടങ്ങൾ മുറിയിൽ സൂക്ഷിച്ചു.
ഇതിനുശേഷം ശുചിമുറി മാലിന്യം നിക്ഷേപിക്കുന്ന കുഴിയിലേക്ക് വലിച്ചെറിഞ്ഞു. മാലിന്യക്കുഴിയിൽനിന്ന് ശരീരാവശിഷ്ടങ്ങൾ എടുത്ത് ശാസ്ത്രീയ പരിശോധന നടത്തി അവശിഷ്ടങ്ങൾ സുനിതയുടേതാണെന്ന് ഉറപ്പിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ, ദീപാ വിശ്വനാഥ്, മോഹിത മോഹൻ, തുഷാരാ രാജേഷ് എന്നിവർ ഹാജരാകും.