കാസര്‍കോട് 17 കാരിയെ കാമുകന് പീഡിപ്പിക്കുകയും പലര്‍ക്കും കാഴ്ചവക്കുകയും ചെയ്തെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് കോഴിക്കട ഉടമ
കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ 17 കാരിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോഴിക്കട ഉടമയും ബദിയഡുക്ക പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസക്കാരനുമായ അബ്ദുല്‍ ഹകീ (36) മിനെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് ആലക്കലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇനി അഞ്ച് പേര് കൂടി പിടിയിലാവാനുണ്ടെന്ന് സതീഷ് ആലക്കല്‍ പറഞ്ഞു.
വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വാടക ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന 17 കാരിയെ കാമുകന് വിവാഹ വാഗ്ദാനം നല്കി പീഡനത്തിനിരയാക്കുകയും പലര്‍ക്കും കാഴ്ചവക്കുകയും ചെയ്തെന്നാണ് കേസ്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ലോകല്‍ പൊലീസില്‍ നിന്ന് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിലേക്ക് മാറ്റിയത്. പരാതിയില്‍ ആകെ 13 പേര്‍ക്കതിരെയാണ് പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുള്ളത്. നേരത്തെ ബദിയഡുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ അബ്ദുല്‍ മുബശിറുല്‍ അറഫാത് (23), കാസര്‍കോട് പൊലീസ് സ്റ്റേഷന് പരിധിയിലെ പി ശഫീഖ് (34), ടിഎസ് മുഹമ്മദ് ജാബിര്‍ (28), അബ്ദുസ്സമദ് (40), ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ അന്‍സാറുദ്ദീന്‍ (29), മുഹമ്മദ് ജലാലുദ്ദീന്‍ (33), വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ അബ്ദുല്‍ സുഹൈല്‍ (20) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
പൊലീസ് പറയുന്നത് ഇങ്ങനെ: ‘പെണ്‍കുട്ടിയെ അറഫാത് ആണ് ആദ്യം പ്രണയം നടിച്ച് പീഡിപ്പിച്ചത്. പിന്നീട് പല സ്ഥലങ്ങളിലും കൊണ്ടുപോയി സുഹൃത്തുക്കളായ നാല് പേര്‍ക്ക് കാഴ്ചവച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് മറ്റ് എട്ട് പേര് കൂടി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇക്കഴിഞ്ഞ ജൂലൈ 31ന് പെണ്‍കുട്ടിയെ കാണാതാവുകയും തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ ഒരു ദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുകയും പീന്നീടും കാണാതാവുകയും ചെയ്തതായി കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തുവന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ഭാഗങ്ങളിലെ ലോഡ്ജുകളില്‍ എത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. കൂടുതല്‍ പേര് സംഭവത്തില്‍ ഉള്‍പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്’.
അതിനിടെ സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇരയായ പെണ്‍കുട്ടി, വീട്ടില്‍ പോകണമെന്ന് വാശിപിടിക്കുകയും സംരക്ഷണ കേന്ദ്രം ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മതില് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തുവെങ്കിലും കൈക്കും കാലിനും പോറലേറ്റ് ശ്രമം വിഫലമാവുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ കേസുമായി സഹകരിക്കാന്‍ വിസമ്മതിക്കുന്നത് ക്രൈം ബ്രാഞ്ചിനെ കുഴക്കുന്നുണ്ട്. അതേസമയം ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ പ്രകാരം പെണ്‍കുട്ടിയുടെ രഹസ്യ മൊഴി കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് കോടതി രേഖപ്പെടുത്തി. മൊഴിയുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ക്രൈം ബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കും.