12 കോടി ജി.എസ്.ടി തട്ടിപ്പ്: രണ്ടു പേർ അറസ്റ്റിൽ
കൊച്ചി: ആക്രി വ്യാപാരത്തിന്റെ മറവിൽ വ്യാജരേഖയുണ്ടാക്കി 12 കോടിയിൽപ്പരം രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയ പെരുമ്പാവൂർ സ്വദേശികളായ രണ്ടുപേരെ ജി.എസ്.ടി ഇൻവെസ്റ്റിഗേഷൻ ടീം അറസ്റ്റുചെയ്തു. ഇടപ്പള്ളി ലുലുമാളിന് സമീപം ഒളിവിൽ കഴിയുകയായിരുന്ന പെരുമ്പാവൂർ പുലവത്ത് വീട്ടിൽ അസൻ അലി, മാടവന വീട്ടിൽ റിൻഷാദ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിൽ ഇവരുടെ സ്ഥാപനത്തിലും വീടുകളിലും റെയ്ഡ് നടത്തിയതിനെത്തുടർന്ന് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും. ഡെപ്യൂട്ടി കമ്മിഷണർ (ഐ.ബി) ജോൺസൻ ജേക്കബിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ടാക്സ് ഓഫീസർ സി.ജി. അരവിന്ദ്, അസി. ഓഫീസർ വിനോദ്, അഭിലാഷ്, അനീഷ്, രഹന, സിന്ധു, ഡ്രൈവർ ബൈജു ജോസഫ് എന്നിവരാണ് കേസ് അന്വേഷിച്ചത്.