അമേരിക്കയിലിരുന്ന് ഭർത്താവ് ഫോൺ ലൊക്കേഷൻ തിരഞ്ഞു; ‘ആപ്പിൽ’ കുരുങ്ങി ട്രെയിനിലെ മോഷ്ടാവ്, മണിക്കൂറുകൾക്കകം പിടിയിൽ
ജെ.ജേക്കബിനെ കാസർകോട് റെയിൽവേ പൊലീസ് പിടികൂടിയപ്പോൾ.
കാസർകോട് ∙ മലബാർ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബാഗിൽ നിന്നു സ്വർണവും പണവും മൊബൈൽ ഫോണും കവർന്ന പ്രതിയെ മണിക്കൂറുകൾക്കകം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി തിരുനെൽവേലിയിലെ ജെ.ജേക്കബ് (47) ആണ് കാസർകോട് റെയിൽവേ പൊലീസ് എഎസ്ഐ പ്രകാശൻ, സിവിൽ പൊലീസ് ഓഫിസർ അജയൻ, ഡ്രൈവർ പ്രദീപ് എന്നിവർ ചേർന്ന് പിടികൂടിയത്. കവർന്ന ഫോണിലെ ഫൈൻഡ് മൈ ഫോൺ എന്ന ആപ്പാണ് 6 മണിക്കൂർ തികയും മുൻപേ മോഷ്ടാവിനെ കുരുക്കിലാക്കാൻ സഹായിച്ചത്.
എറണാകുളം സ്വദേശിനി ജെ.പൂർണശ്രീയാണ് കവർച്ചയ്ക്ക് ഇരയായത്. എറണാകുളത്തെ സ്വന്തം വീട്ടിൽ നിന്നു പയ്യന്നൂർ മണിയറയിലെ ഭർത്താവിന്റെ വീട്ടിലേക്ക് ട്രെയിനിൽ വരുമ്പോൾ കോഴിക്കോടിനും തലശ്ശേരിക്കും ഇടയിൽ രാവിലെ ആറോടെയിരുന്നു കവർച്ച. ബെർത്തിൽ സൂക്ഷിച്ച ബാഗിൽ നിന്നു പഴ്സ് എടുത്ത ശേഷം കുഞ്ഞിന്റെ മാല, അരഞ്ഞാണം, ബ്രേസ്ലെറ്റ് എന്നിവയടക്കം മൂന്നര പവൻ സ്വർണവും ഫോണും പണവും എടുത്ത് പഴ്സ് സീറ്റിനടിയിൽ ഉപേക്ഷിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന അച്ഛൻ എൻ.ജയറാമിന്റെ ഫോണിൽ നിന്നു പൂർണശ്രീ അമേരിക്കയിലുള്ള ഭർത്താവ് എം.പി.ഗിരീഷിനെ വിളിച്ചു. ഗിരീഷിന്റെ ഫോണുമായി ഫൈൻഡ് മൈ ആപ് വഴി ബന്ധിപ്പിച്ചിരുന്നതിനാൽ ഫോൺ എവിടെയെന്നു മനസ്സിലാക്കാൻ സാധിച്ചു. അപ്പോൾ ഫോൺ അതേ ട്രെയിനിൽ തന്നെ ഉണ്ടെന്നു മനസ്സിലായെങ്കിലും ആരുടെ കൈവശമാണെന്നു തിരിച്ചറിയാൻ സാധിച്ചില്ല. ട്രെയിൻ കണ്ണൂരിലെത്തിയപ്പോൾ റെയിൽവേ പൊലീസിനു പരാതി നൽകി. അവരും ട്രെയിനിൽ തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പൂർണശ്രീയും അച്ഛനും പയ്യന്നൂരിൽ ഇറങ്ങിയശേഷവും ലൊക്കേഷൻ നിരീക്ഷിച്ച് പൊലീസിന് കൈമാറി. ഫോൺ അപ്പോൾ മൊഗ്രാൽപുത്തൂർ ഭാഗത്തേക്ക് നീങ്ങുന്നതായി മനസ്സിലാക്കി അക്കാര്യവും പൊലീസിനെ അറിയിച്ചു. ഗിരീഷിന്റെ സുഹൃത്തായ കാസർകോട് പൊലീസിലെ നരേന്ദ്രനും വിവരങ്ങൾ കൈമാറി.
മോഷ്ടാവ് ബസിൽ മൊഗ്രാൽപുത്തൂർ ഭാഗത്തേക്ക് പോകുകയാണെന്നു മനസ്സിലാക്കിയ റെയിൽവേ പൊലീസ് കാസർകോട് ട്രാഫിക് പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് കാസർകോട് ട്രാഫിക് എഎസ്ഐ വിനോദ്, ട്രാഫിക് ഡ്രൈവർ ദാസ് എന്നിവർ ബസ് തടഞ്ഞ് മോഷ്ടാവിനെ തൊണ്ടിമുതൽ സഹിതം പിടികൂടി. പതിനൊന്നോടെ പിടികൂടിയ പ്രതിയെ ഉച്ചയ്ക്കു ശേഷം കണ്ണൂർ റെയിൽവേ പൊലീസിന് കൈമാറി. ആർപിഎഫും റെയിൽവേ പൊലീസും ലോക്കൽ പൊലീസും നടത്തിയ സമയോചിത ഇടപെടലാണ് അതിവേഗം പ്രതിയെ കണ്ടെത്താൻ സഹായിച്ചതെന്ന് പൂർണശ്രീയുടെ അച്ഛൻ എൻ.ജയറാം പറഞ്ഞു.