92 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: ലഹരിമാഫിയക്ക് സാമ്പത്തിക സഹായം നല്കിയ മൊസാര്‍ട്ടും പിടിയില്‍
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കില്‍ 92-കിലോ കഞ്ചാവും 1.30-ഗ്രാം എം.ഡി.എം.എ.യും പിടികൂടിയ കേസില്‍ ഒരാളെക്കൂടി പോലീസ് അറസ്റ്റുചെയ്തു. കോട്ടയം കൈപ്പുഴ മച്ചത്തില്‍ വീട്ടില്‍ മൊസാര്‍ട്ടിനെ (22) ആണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് മാഫിയയ്ക്ക് സാമ്പത്തിക സഹായം നല്കിയിരുന്നവരില് പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
തെലങ്കാനയിലെ സിക്കന്ദരാബാദിലുള്ള ബഞ്ചാരാഹില് എന്ന സ്ഥലത്തുനിന്നും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സാഹസികമായാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
കഴിഞ്ഞമാസം ഒന്‍പതിന് കാറില്‍ കടത്താന്‍ ശ്രമിച്ച 92-കിലോ കഞ്ചാവും 1.30-ഗ്രാം എം.ഡി.എം.എ.യുമായി കോട്ടയം ആര്‍പ്പൂക്കര സ്വദേശി കെന്‍സ് സാബു, കാണക്കാരി സ്വദേശി രഞ്ജിത്ത് എന്നിവരെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് ഈ കേസില്‍ മിഥുന് സി.ബാബു, സോബിന്‍ കെ.ജോസ്, കെന്‍സ് സാബുവിന്റെ ഭാര്യ അനു ഷെറിന് ജോണ്‍, ഇതരസംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതില്‍ പ്രധാനിയായ സുര്‍ളാ പാണ്ടയ്യ എന്നിവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. മൊസാര്ട്ടിനെതിരേ ഏറ്റുമാനൂര്‍ എക്സൈസില്‍ രണ്ട് കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. വൈക്കം എ.എസ്.പി. നകുല്‍ രാജേന്ദ്ര ദേശ്മുഖ്, എസ്.ഐ.സജി കുര്യാക്കോസ്, സി.പി.ഒ.മാരായ മുഹമ്മദ് ഷെബിന്‍, പി.ബി.അഭിലാഷ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.