ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വമ്പന്‍ നേട്ടം:എല്‍ഡിഎഫിന്റെ ഏഴും ബിജെപിയുടെ രണ്ടും സീറ്റുകള്‍ പിടിച്ചു
തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വന്‍ മുന്നേറ്റം. എല്‍ഡിഎഫില്‍നിന്ന് ഏഴു സീറ്റുകളും ബിജെപിയില്‍നിന്ന് രണ്ട് സീറ്റുകളും യുഡിഎഫ് പിടിച്ചെടുത്തു. രണ്ട് യുഡിഎഫ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ബിജെപിക്ക് രണ്ട് സീറ്റ് നഷ്ടമായപ്പോള്‍ ആലപ്പുഴയില്‍ ഒരു സീറ്റ് എല്‍ഡിഎഫില്‍നിന്ന് പിടിച്ചെടുത്തു. യുഡിഎഫ് 15, എല്‍ഡിഎഫ് 12, ബിജെപി രണ്ട് എന്നിങ്ങനെയാണ് സീറ്റ് നില.
സംസ്ഥാനത്തെ 11 ജില്ലകളിലെ 29 തദ്ദേശ വാര്‍ഡുകളില്‍ ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്.
യുഡിഎഫ് പിടിച്ചെടുത്തത്: വടക്കാഞ്ചേരി നഗരസഭ മിണാലൂര്‍, തിരുവനന്തപുരം പഴയകുന്നുമ്മല്‍, ആലപ്പുഴ മുതുകുളം നാലാം വാര്‍ഡ്, കോഴിക്കോട് കിഴക്കോത്ത്, വയനാട് കണിയാമ്പറ്റ ചിത്രമൂല, ആലപ്പുഴ പാണ്ടനാട്, ഇടുക്കി ഇളംദേശം ബ്ലോക്കിലെ വണ്ണപ്പുറം, ആലപ്പുഴ പാലമേല്‍ ആദിക്കാട്ടുകുളങ്ങര.
എല്‍ഡിഎഫ് പിടിച്ചെടുത്തത്: എറണാകുളം പറവൂര്‍ നഗരസഭ പതിനാലാം വാര്‍ഡ്, ഇടുക്കി കഞ്ഞിക്കുഴി പൊന്നെടുത്താല്‍.
തിരുവനന്തപുരം
പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ, കരുംകുളം ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം എന്നിവിടങ്ങളിലാണ് തിഞ്ഞെടുപ്പുണ്ടായത്.
പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.ജെ. ഷൈജ ടീച്ചര്‍ വിജയിച്ചു. 45 വോട്ടുകള്‍ക്ക് സിപിഎമ്മിലെ ഷംന ബീഗത്തെയാണ് പരാജയപ്പെടുത്തിയത്. എല്‍ഡിഎഫ് അംഗമായിരുന്ന ദീപ്തിക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ചെക്കിട്ടവിളാകം യുഡിഎഫിന്റെ സിറ്റിങ് വാര്‍ഡാണ്. അത് അവര്‍ നിലനിര്‍ത്തി. വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ഇ.എല്‍ബറി വിജയിച്ചു. 103 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി.
കൊല്ലം
പേരയം ഗ്രാമപഞ്ചായത്തിലെ പേരയം ബി, പൂതക്കുളം ഗ്രാമപഞ്ചായത്തിലെ കോട്ടുവന്‍കോണം എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പേരയം ബി യുഡിഎഫിന്റേയും കോട്ടുവന്‍കോണം ബിജെപിയുടേയും സിറ്റിങ് സീറ്റാണ്. അത് അവര്‍ തന്നെ നിലനിര്‍ത്തി. പേരയം ബിയില്‍ കോണ്‍ഗ്രസിലെ ലത ബിജു വിജയിച്ചു. 59 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി.
കോട്ടുവന്‍കോണം വാര്‍ഡില്‍ ബിജെപിക്കാണ് ജയം. ബിജെപിയുടെ ഗീത എസ്, സിപിഎമ്മിന്റെ ശുഭാകുമാരിയെ 123 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.
പത്തനംതിട്ട
ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിലേക്കും ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടും എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. ഇത് രണ്ടും നിനിലനിര്ത്തിയിട്ടുണ്ട്.
പുളിക്കീഴ് ബ്ലോക്കിലെ കൊമ്പങ്കേരിയില്‍ സിപിഎമ്മിന്റെ അനീഷ് 534 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ വി.കെ. മധുവിനെ പരാജയപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 119 വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജയിച്ച എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.ജെ. അച്ചന്‍കുഞ്ഞിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്
ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനില്‍ കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗത്തിലെ മായ അനില്‍ കുമാര്‍ 1785 വോട്ടുകള്‍ക്ക് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ആനി തോമസിനെ പരാജയപ്പെടുത്തി. കഴിഞ്ഞ തവണ 4470 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച കേരള കോണ്‍ഗ്രസ് എം. ജോസ് വിഭാഗത്തിലെ ഡാലിയ സുരേഷ് ആരോഗ്യ കാരണങ്ങളാല്‍ രാജിവച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.
ആലപ്പുഴ
എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വാത്തറ, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ വന്മഴി വെസ്റ്റ്, കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ കാര്‍ത്തികപ്പള്ളി, മുതുകുളം ഗ്രാമപഞ്ചായത്തിലെ ഹൈസ്കൂള്‍, പാലമേല്‍ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര തെക്ക് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
വാത്തറ വാര്‍ഡില്‍ സിപിഎമ്മിന്റെ കെ.പി. സ്മിനീഷ് വിജയിച്ചു. 65 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ സന്ദീപ് സെബാസ്റ്റ്യനെയാണ് പരാജയപ്പെടുത്തിയത്. പഞ്ചായത്തംഗമായിരുന്ന സി.പി.എമ്മിലെ കെ.ആര്. സത്യപ്പന്റെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.
പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ വന്മഴി വെസ്റ്റില്‍ കോണ്‍ഗ്രസിലെ ജോസ് വല്യാനൂര്‍ ജയിച്ചു. 40 വോട്ടുകള്‍ക്ക് ഇടത് സ്വതന്ത്രയായ ആശയെ തോല്‍പ്പിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്. ബിജെപിയില്‍ നിന്ന് രാജിവെച്ചാണ് ആശ ഇടത് സ്വതന്ത്രയായി മത്സരിച്ചത്.
കാര്‍ത്തികപ്പള്ളിയില്‍ ബിജെപിയുടെ ഉല്ലാസ് 77 വോട്ടുകള്‍ക്ക് വിജയിച്ചു. എല്‍ഡിഎഫില്‍ നിന്ന് ഈ വാര്‍ഡ് ബിജെപി പിടിച്ചെടുക്കുകയായിരുന്നു. സിപിഎം ഇവിടെ മൂന്നാം സ്ഥാനത്തായി. കോണ്‍ഗ്രസിലെ എലിസബത്ത് അലക്സാണ്ടര്‍ ആണ് രണ്ടാമത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജിമ്മി വി. കൈപ്പള്ളില്‍ കഴിഞ്ഞ തവണ 99 വോട്ടിന് ജയിച്ച വാര്‍ഡാണിത്. അനുമതിയില്ലാതെ വിദേശത്തു പോയതുമായി ബന്ധപ്പെട്ട് ജിമ്മിയുടെ അംഗത്വം തിരഞ്ഞെടുപ്പ് കമ്മിഷന് അസാധുവാക്കിയിരുന്നു. തുടര്‍ന്നാണ് വോട്ടെടുപ്പുനടന്നത്.
മുതുകുളം ഹൈസ്കൂള്‍ വാര്‍ഡില്‍ യുഡിഎഫ് സ്വതന്ത്രന് ബൈജു ജി എസ് ജയിച്ചു. 103 വോട്ടുകള്‍ക്ക് സിപിഎമ്മിലെ മധുകുമാറിനെയാണ് പരാജയപ്പെടുത്തിയത്. ബിജെപിയുടെ സിറ്റിങ് സീറ്റാണ് ഇത്. മുതുകുളത്തെ ബി.ജെ.പി.യുടെ ജി.എസ്. ബൈജു നേതൃത്വവുമായി നിലനിന്ന അഭിപ്രായ വ്യത്യാസംമൂലം പഞ്ചായത്തംഗത്വം രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജി.എസ്. ബൈജു കോണ്‍ഗ്രസ് പിന്തുണയോടെയാണ് മത്സരിച്ച് ജയിച്ചത്. ബിജെപി ഇവിടെ മൂന്നാം സ്ഥാനത്തായി.
ആദിക്കാട്ടുകുളങ്ങര തെക്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷീജാ ഷാജി വിജയിച്ചു. സിപിഐയുടെ രാജി നൗഷാദിനെ 21 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. എല്‍ഡിഎഫില്‍ നിന്ന് കോണ്‍ഗ്രസ് ഈ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. സി.പി.ഐ. പഞ്ചായത്തംഗമായിരുന്ന ഐഷാ ബീവിക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.
ഇടുക്കി
ഇടുക്കി ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ വണ്ണപ്പുറം, ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ തൊട്ടിക്കാനം, ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പൊന്നെടുത്താല്‍, കരുണാപുരം ഗ്രാമപഞ്ചായത്തിലെ കുഴിക്കണ്ടം എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
വണ്ണപ്പുറം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആല്‍ബര്‍ട്ട് 299 വോട്ടുകള്‍ക്ക് സ്വതന്ത്രനെ പരാജയപ്പെടുത്തി. എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് ഈ വാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നു.
ശാന്തന് പാറ തൊട്ടിക്കാനം വാര്‍ഡ് സിപിഎം നിലനിര്‍ത്തി. സിപിഎമ്മിലെ ഇ.കെ. ഷാബു 253 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.
കഞ്ഞിക്കുഴി പൊന്നെടുത്താല്‍ വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസിലെ എം.ദിനമണി ഇവിടെ വിജയിച്ചു. കോണ്‍ഗ്രസിലെ ഷീബാ ജയനെ 92 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്.
കരുണാപുരം കുഴിക്കണ്ടം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ഇവിടെ സിപിഎം സ്ഥാനാര്‍ഥി പി.ഡി. പ്രദീപ് ആണ് വിജയിച്ചത്. 65 വോട്ടുകള്‍ക്കാണ് ജയം.
എറണാകുളം
പൂത്തൃക്ക ഗ്രാമപഞ്ചായത്തിലെ കുറിഞ്ഞി വാര്‍ഡില്‍ കോണ്‍ഗ്രസിലെ മോന്‍സി പോള്‍ വിജയിച്ചു. 135 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. സിപിഎം സ്ഥാനാര്‍ഥിയാണ് രണ്ടാമത്. കീരംപാറ ഗ്രാമപഞ്ചായത്തിലെ മുട്ടത്തുകണ്ടം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ സാന്റി ജോസ് വിരിപ്പാമറ്റത്തില്‍ 41 വോട്ടുകള്‍ക്ക് ജയിച്ചു. വടക്കന്‍ പറവൂര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ വാണിയക്കാട് ഡിവിഷനില്‍ സിപിഎമ്മിന്റെ നിമിഷ വിജയിച്ചു. 160 വോട്ടിന്റെ ലീഡാണ് നേടിയത്.
പാലക്കാട്
പുതൂര്‍ ഗ്രാമപഞ്ചായത്തിലെ കോളപ്പടി വാര്‍ഡില്‍ സിപിഐയുടെ വഞ്ചി ജയിച്ചു. 32 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ബിജെപിയുടെ ലക്ഷമി രങ്കനാണ് രണ്ടാമത്. കുത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പാലത്തറ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശിധരന് ജയിച്ചു. 381 വോട്ടുകള്‍ക്ക് സിപിഎമ്മിന്റെ മണികണ്ഠനെ തോല്‍പ്പിച്ചു.
വയനാട്
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ചിത്രമൂല വാര്‍ഡില്‍ മുസ്ലിം ലീഗിലെ കമ്മിച്ചാല്‍ റഷീദ് ജയിച്ചു. സിപിഎമ്മിലെ പ്രവീണ്‍ കുമാറിനെതിരെ 208 വോട്ടിന്റെ ലീഡ് നേടി.
മലപ്പുറം
മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലിലെ കൈനോട് ഡിവിഷനില്‍ സിപിഎമ്മിലെ സി. ഷിജു വിജയിച്ചു. 12 വോട്ടുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്.