തീപ്പിടിത്തം: മാലദ്വീപില്‍ ഒന്‍പത് ഇന്ത്യക്കാര്‍ മരിച്ചു
അഗ്നിശമന സേന പത്ത് മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് തീ കെടുത്താനായത്.
തീപ്പിടിത്തമുണ്ടായ കെട്ടിടം
മാലി: മാലദ്വീപ് തലസ്ഥാനമായ മാലിയില്‍ വിദേശ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ ഒന്‍പത് ഇന്ത്യക്കാര്‍ മരിച്ചു. എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തതാണ് ഇക്കാര്യം. നിരവധിപേര്‍ക്ക് പൊള്ളലേറ്റുവെന്നാണ് വിവരം. കത്തിനശിച്ച കെട്ടിടത്തിന്റെ മുകള്‍ നിലയില്‍നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മരിച്ചവരില്‍ ഒരാള്‍ ബംഗ്ലാദേശ് പൗരനാണ്. അഗ്നിശമന സേന പത്ത് മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് തീ കെടുത്താനായത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പില്‍നിന്നാണ് തീപടര്‍ന്നത്.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് മാലി. ഇടുങ്ങിയ താമസ സ്ഥലങ്ങളിലാണ് വിദേശ തൊഴിലാളികളടക്കം കഴിയുന്നത്. മാലദ്വീപിലെ ജനസംഖ്യയില്‍ പകുതിയോളം പേര് വിദേശത്തുനിന്ന് ജോലിക്കെത്തിയവരാണ്. ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാകിസ്താന്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഇവരില്‍ അധികവും.