ജോലി കിട്ടിയിട്ട് മതി കല്യാണമെന്ന് പറഞ്ഞ മാതാവിനെ മകൻ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്തി
ഭോപ്പാൽ: കല്യാണം കഴിക്കുന്നതിന് അനുമതി നിഷേധിച്ച മാതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊലപ്പെടുത്തി മകൻ. മദ്ധ്യപ്രദേശിലെ കോ-ഇ- ഫിസയിൽ ചൊവ്വാഴ്ചയാണ് സംഭവം. ആസ്മ ഫാറൂക്ക് (67) ആണ് മകന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ഫർഹാൻ (32) അറസ്റ്റിലായി.
ഫർഹാനും മറ്റൊരു മകനുമായ അതാഹ്- ഉല്ലയോടുമൊപ്പമാണ് ആസ്മ താമസിച്ചിരുന്നത്. ബികോം ബിരുദധാരിയായ ഫർഹാൻ വിവാഹം കഴിക്കുന്നതിനുള്ള താത്പര്യം മാതാവിനെ അറിയിച്ചിരുന്നു. എന്നാൽ തൊഴിൽരഹിതനായ ഫർഹാൻ ജോലി നേടിയിട്ട് മതി വിവാഹമെന്നായിരുന്നു ആസ്മയുടെ നിലപാട്. ഇതിൽ പ്രകോപിതനായ ഫർഹാൻ മാതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതാഹ്- ഉല്ല വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്ന മാതാവിനെയാണ് കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മരണം നടന്ന് പിറ്റേ ദിവസം ഫർഹാൻ രക്തക്കറയുള്ള ബാറ്റ് ഒളിപ്പിക്കുന്നത് അതാഹ്- ഉല്ല കണ്ടിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ ആസ്മ ടെറസിൽ നിന്ന് വീഴുകയായിരുന്നെന്നാണ് ഫർഹാൻ സഹോദരനോട് പറഞ്ഞത്. എന്നാൽ കൂടുതൽ ചോദ്യം ചെയ്തപ്പോൾ മാതാവിനെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തുകയായിരുന്നു. വിവരം പൊലീസിനെ അറിയിച്ചാൽ സഹോദരനെ കൊല്ലുമെന്നും ഫർഹാൻ ഭീഷണിപ്പെടുത്തി. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫർഹാൻ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തു.