പാൻമസാലയുടെ അംബാസഡറായി ഗവർണർ മാറി, രാജ്ഭവനിൽ എക്സൈസ് പരിശോധന നടത്തണം: എസ് എഫ് ഐ നേതാവ്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പാൻമസാല ഉപയോഗിച്ചാണ് മാദ്ധ്യമങ്ങളെ കാണുന്നതെന്ന എസ് എഫ് ഐ നേതാവിന്റെ പ്രസ്താവന വിവാദമായി. പാൻമസാല ഉപയോഗിച്ചാണ് ഗവർണർ മാദ്ധ്യമങ്ങളെ കാണുന്നത്. പാൻമസാലയുടെ അംബാസഡറായി ഗവർണർ മാറി. രാജ്ഭവനിൽ എക്സൈസ് പരിശോധന നടത്തണം എന്നിങ്ങനെയായിരുന്നു എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി പി സാനു പറഞ്ഞത്. ഇതിനെതിരെ പല കോണുകളിൽ നിന്നും വിമർശനമുയർന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഗവർണർ കടുത്ത വിമർശനം ഉന്നയിക്കുന്ന വേളയിലാണ് എസ് എഫ് ഐ നേതാവിന്റെ വിവാദ പരമാർശവും ഉണ്ടായിരിക്കുന്നത്.
അതേസമയം, ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭായോഗം തീരുമാനിച്ചതോടെ, ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ച് മറുവെട്ടിന് തയ്യാറെടുക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ചാൻസലർ പദവി എടുത്തുമാറ്റുന്ന കരട് ബിൽ ഡിസംബർ അഞ്ചിന് പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച് അവതരിപ്പിക്കാനായിരുന്നു ആലോചന. ഉടനടി നടപടിയിലേക്ക് നീങ്ങണമെന്ന രാഷ്ട്രീയ നിലപാടിനെ തുടർന്നാണ് ഓർഡിനൻസിന് തീരുമാനമായത്. പക്ഷേ, ഓർഡിനൻസിന്റെയും ബില്ലിന്റെയും വഴി മുടങ്ങാനാണ് സാദ്ധ്യത. കാരണം, ഓർഡിനൻസിൽ രാഷ്ട്രപതി അന്തിമതീരുമാനമെടുക്കും വരെ പകരമുള്ള ബിൽ സഭയിൽ കൊണ്ടുവരാനാവില്ല.
ഗവർണർക്ക് എതിരായ രാഷ്ട്രീയസന്ദേശമായാണ് ഓർഡിനൻസിനെ കാണുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.ഓർഡിനൻസിനെതിരെ പ്രതിപക്ഷവും ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട മേഖലയിലെ അതിപ്രഗത്ഭരെ ചാൻസലർമാരാക്കുകയാണ് ഓർഡിനൻസിന്റെ പ്രത്യക്ഷ ലക്ഷ്യം. ‘ഗവർണർ അദ്ദേഹത്തിന്റെ പദവി മുഖാന്തിരം ചാൻസലർ കൂടിയായിരിക്കും’ എന്നാണ് സംസ്ഥാനത്തെ 14 സർവകലാശാലകളിലെയും നിയമവ്യവസ്ഥ. ഓരോ സർവകലാശാലാ നിയമത്തിലും ഈ വകുപ്പ് നീക്കി വേണം ഭേദഗതി വരുത്താൻ. അതിന് നിർദ്ദേശിക്കുന്ന ഓർഡിനൻസാണ് മന്ത്രിസഭ അംഗീകരിച്ചത്.ചാൻസലറായി മുഖ്യമന്ത്രി പ്രവർത്തിക്കണമെന്ന നിർദ്ദേശം നേരത്തേ നടന്ന കൂടിയാലോചനകളിലുയർന്നെങ്കിലും പിണറായി വിജയൻ തള്ളിക്കളഞ്ഞിരുന്നു. മന്ത്രിമാരെ പരിഗണിക്കുന്നതിനോടും യോജിച്ചില്ല. മന്ത്രിസഭായോഗത്തിന് മുന്നോടിയായി സി.പി.ഐ അടക്കം പ്രമുഖ കക്ഷികളുടെ മന്ത്രിമാരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയിരുന്നു. ചൊവ്വാഴ്ചത്തെ കൂടിയാലോചനകൾക്കൊടുവിലാണ് രാത്രിയോടെ കരട് തയാറാക്കി മന്ത്രിസഭായോഗ അജൻഡയിലുൾക്കൊള്ളിച്ചത്.
ഭരണഘടനയിൽ നിക്ഷിപ്തമായ ചുമതലകൾ നിറവേറ്റേണ്ട ഗവർണറെ ചാൻസലറാക്കുന്നത് ഉചിതമാവില്ലെന്ന പൂഞ്ചി കമ്മിഷൻ ശുപാർശകൾ പരിഗണിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചു.