10 മാസത്തിനിടെ രണ്ട് ലക്ഷം നിയമനങ്ങള്‍; എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടന്നത് 6200 മാത്രം
താത്കാലികമായി നിയമിച്ച ശേഷം പിന്നീട് സ്ഥിരമാക്കുന്നതാണ് ഇത്തരം നിയമനങ്ങളുടെ രീതി
തിരുവനന്തപുരം: 37 ലക്ഷത്തോളം ഉദ്യോഗാര്‍ഥികള്‍ തൊഴിലിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കവെ സംസ്ഥാനത്ത് നിലവില്‍ നടക്കുന്നത് ഭൂരിപക്ഷവും പാര്‍ട്ടി നിയമനങ്ങള്‍. കഴിഞ്ഞ പത്തുമാസത്തിനിടെ 6,200 പേര് മാത്രമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന തൊഴില്‍ നേടിയത്. അതാത് പ്രദേശിക സമിതികള്‍ രണ്ടുലക്ഷത്തോളം നിയമനങ്ങള്‍ നടത്തിയപ്പോഴാണിത്. ഉദ്യോഗാര്‍ഥികളുടെ യോഗ്യത പ്രദേശത്തെ പാര്‍ട്ടി നേതാക്കള്‍ നിശ്ചയിച്ചുവെന്നും ആക്ഷേപമുണ്ട്.
താത്കാലികമായി നിയമിച്ച ശേഷം പിന്നീട് സ്ഥിരമാക്കുന്നതാണ് ഇത്തരം നിയമനങ്ങളുടെ രീതി. ആദ്യഘട്ടത്തില്‍ വികസന സമിതികളായിരിക്കും ശമ്പളം നല്‍കുന്നത്. സ്ഥിരമാകുന്നതോടെ ഇവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം ലഭിക്കും. താത്കാലിക നിയമനാധികാരമുള്ളവര്‍ നിയമനചട്ടങ്ങള്‍ പാലിക്കുമെങ്കിലും തൊഴില്‍ ലഭിക്കാന്‍ പാര്‍ട്ടിയുടെ കത്ത് ആവശ്യമാണ്.
ഉദ്യോഗാര്‍ഥികളെ തൊഴിലുണ്ടെന്ന് അറിയിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ സമാന്തരമായി പാര്‍ട്ടിയേയും ഒഴിവുകള്‍ അറിയിക്കും. പത്രപരസ്യങ്ങളും അറിയിപ്പുകളും കാറ്റില്‍പ്പറത്തി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കിയായിരിക്കും നിയമനങ്ങള്‍. 37 ലക്ഷത്തോളം ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത് നിയമനം കാത്തിരിക്കുമ്പോഴാണ് പത്തുമാസത്തിനിടെ വെറും 6,200ത്തോളം നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തിയത്. 56,540 എഞ്ചിനീയറിങ് ഉദ്യോഗാര്‍ഥികള്‍ക്കും 11,103 മെഡിക്കല്‍ ഉദ്യോഗാര്‍ഥികള്‍ക്കുമാണ് അഞ്ചുവര്‍ഷത്തിനിടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന തൊഴില്‍ ലഭിച്ചത്. ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ എംപ്ലോയ്മെന്റ് എക്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് ജോലി കാത്തിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. കരാര്‍ നിയമനങ്ങളില്‍ പ്രാദേശികസമിതികള്‍ക്കാണ് നിയമനാധികാരമെങ്കിലും പ്രാദേശിക പാര്‍ട്ടി നേതൃത്വങ്ങളാണ് തീരുമാനം എടുക്കുക.
തസ്തികകള്‍ നിശ്ചയിക്കുന്നതും പാര്‍ട്ടി ഉദ്യോഗാര്‍ഥിയുടെ യോഗ്യത അനുസരിച്ചായിരിക്കും. താത്കാലിക നിയമനകരാര്‍ വര്‍ഷങ്ങളോളം നീട്ടുന്നതും പാര്‍ട്ടിയാണ് തീരുമാനിക്കുക. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നിയമനകണക്കുകള്‍ തന്നെയാണ് ഇതിന് തെളിവ്. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പതിനായിരക്കണക്കിന് തസ്തികകളിലേക്ക് നിയമനം കാത്തിരിക്കുമ്പോള്‍ ജോലി കിട്ടുന്നത് വളരെക്കുറച്ച് പേര്‍ക്കുമാത്രം. സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പൂര്‍ണ്ണമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായി