‘കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാകാത്ത അവസ്ഥയായി, ഞാൻ മരിച്ചിട്ടില്ല’; പൊട്ടിക്കരഞ്ഞ് സാമന്ത
തനിക്ക് ബാധിച്ച അപൂർവ രോഗത്തെക്കുറിച്ച് വികാരഭരിതയായി സാമന്ത. ജീവിതത്തിൽ ഇനിയൊരു ചുവടുവയ്ക്കാൻ പറ്റില്ലെന്ന് തോന്നിയ അവസ്ഥവരെ എത്തിയിരുന്നു. തിരിഞ്ഞ് ഇപ്പോൾ പിന്നിലേക്ക് നോക്കുമ്പോൾ അത്ഭുതം തോന്നുന്നു. പുതിയ ചിത്രം യശോദയുടെ പ്രൊമോഷനുവേണ്ടി നൽകിയ അഭിമുഖത്തിലാണ് സാമന്ത ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. മരണത്തെ ഞാൻ അഭിമുഖീകരിച്ചിട്ടില്ല അങ്ങനെയുള്ള വാർത്തകൾ തെറ്റാണ്.
ചില ദിവസങ്ങളിൽ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. അതൊരു യുദ്ധം തന്നെയായിരുന്നു. പക്ഷേ അസുഖം ജീവന് ഭീഷണിയായിട്ടില്ല. ഞാൻ മരിച്ചിട്ടില്ല. അതിജീവിതത്തെക്കുറിച്ച് പറയുമ്പോൾ സാമന്തയുടെ ശബ്ദം ഇടറി. ശരീരത്തിന്റെ പേശികളെ ദുർബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗമാണ് സാമന്തയെ ബാധിച്ചത്. രോഗാവസ്ഥയിലും സാമന്ത യശോദയ്ക്കുവേണ്ടി ഡബ് ചെയ്യുന്നുണ്ടായിരുന്നു. തമിഴിലും തെലുങ്കിലും താരം തന്നെയാണ് ഡബ് ചെയ്തത്.യശോധ പതിനൊന്നിന് തീയേറ്ററുകളിൽ എത്തും. ഡബ് ചെയ്യുന്നതിന്റെയും രോഗക്കിടക്കയിലെയും ചിത്രങ്ങൾ സാമന്ത സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. പ്രിയപ്പെട്ട സാമന്തയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയാണ് ആരാധകർ.