ദോഷം മാറ്റാനായി കുരിശുപണിയാൻ ഉപദേശം, യുവതികൾ വീട്ടമ്മയിൽ നിന്ന് കൈക്കലാക്കിയത് 21 പവൻ
കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണം തട്ടിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. പത്തനംതിട്ട പള്ളിക്കൽ പയ്യനല്ലൂർ അയ്യപ്പഭവനം വീട്ടിൽ അയ്യപ്പന്റെ ഭാര്യ ദേവി (35), കൊല്ലം കലയപുരം കളക്കട ചാരുവീണ പുത്തൻവീട്ടിൽ മുരുകന്റെ ഭാര്യ സുമതി (45) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ അതിരമ്പുഴ ഭാഗത്തുള്ള വീട്ടമ്മയെ കബളിപ്പിച്ച് 21 പവനോളം സ്വർണം കൈവശപ്പെടുത്തുകയായിരുന്നു.
കിടങ്ങൂർ അമ്മാവൻപടിയിൽ ഫ്ളാറ്റ് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്ന ദേവിയും, സുമതിയും. കത്തി, വാക്കത്തി എന്നിവ വീടുകൾ തോറും കയറി വില്പന നടത്തുകയാണ്. ഇതിനിടെയാണ് വീട്ടമ്മയോട് വീടിന് ദോഷമുണ്ടെന്നും ഇത് മാറണമെങ്കിൽ സ്വർണ്ണം കൊണ്ട് കുരിശു പണിതാൽ മതിയെന്ന് പറഞ്ഞു വിശ്വസിപ്പിച്ച ശേഷം, ഇവരുടെ കയ്യിൽ നിന്നും പലപ്പോഴായി സ്വർണം കൈവശപ്പെടുത്തുകയായിരുന്നു. വീട്ടമ്മയ്ക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയതോടെയാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ ആളുകളെ ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ടോയെന്നും കേസിൽ ഇവരെകൂടാതെ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.