തലസ്ഥാന നഗരത്തിൽ വീട്ടിനുള്ളിൽപ്പോലും കുളിക്കാൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പേടി, ഒന്നും ചെയ്യാനാവാതെ പൊലീസ്
തിരുവനന്തപുരം: കാരാളി റോഡിലെ വനിതാ നഴ്സിംഗ് ഹോസ്റ്റലിലെ കുളിമുറിയിൽ മൊബൈൽഫോൺ ഉപയോഗിച്ച് ദൃശ്യം പകർത്തിയതായി പരാതി. വഞ്ചിയൂർ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി പത്തിനാണ് സംഭവം. ഹോസ്റ്റലിലെ കുളിമുറിയിൽ വിദ്യാർത്ഥിനി കയറിയപ്പോൾ വെന്റിലേറ്ററിന് സമീപം മൊബൈൽ ഫോൺ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതുകണ്ട് ബഹളംവച്ചതോടെ മൊബൈലുമായി ഒരാൾ ഓടിപ്പോയെന്നാണ് പരാതി.എന്നാൽ ഇയാളെ പരാതിക്കാരി കണ്ടില്ല. സംഭവം വിദ്യാർത്ഥിനിയും സുഹൃത്തുക്കളും വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസെത്തി അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. നഗരത്തിൽ കൂടുതൽ പൊലീസ് പട്രോളിംഗ് നടത്തിയെങ്കിലും ആളെ പിടികൂടാനായില്ല. കടകളിലെയും ഹോസ്റ്റലിലെയും സി.സി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മ്യൂസിയത്ത് വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയെ അടുത്തിടെയാണ് പിടികൂടിയത്.