കുഞ്ഞിനെ പാലൂട്ടാൻ വീട്ടിലേയ്ക്ക് പോകവേ സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ചു; അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം
കണ്ണൂർ: കുഞ്ഞിന് പാലൂട്ടുന്നതിനായി വീട്ടിലേയ്ക്ക് പോകവേ സ്കൂട്ടറിന് പിന്നിൽ മിനി ലോറിയിടിച്ച് അദ്ധ്യാപിക മരിച്ചു. മുരിങ്ങോടി മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദ(30) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടമുണ്ടായത്. പേരാവൂരിലെ സ്വകാര്യ കമ്പ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനത്തിൽ അദ്ധ്യാപികയാണ് റഷീദ.ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ് പ്രായമുള്ള ഇളയ കുഞ്ഞിന് പാലൂട്ടുന്നതിനുമായാണ് റഷീദ സ്കൂട്ടറിൽ വീട്ടിലേയ്ക്ക് പോയത്. പേരാവൂർ ഇരിട്ടി റോഡിലൂടെ പോകുമ്പോഴാണ് സ്കൂട്ടറിന് പിന്നിൽ മിനി ലോറി ഇടിച്ചത്. റഷീദയുടെ ഭർത്താവ് സാജിർ തൊണ്ടിയിൽ അനാദി കച്ചവടം നടത്തുകയാണ്. മക്കൾ-ഷഹദ ഫാത്തിമ, ഹിദ്വ ഫാത്തിമ.