കൈയ്ക്ക് വെട്ടേറ്റ് ആശുപത്രിയിൽ കൊണ്ടുപോകവേ പലതവണ ഛർദിച്ചു; 38കാരന്റെ മരണത്തിൽ പിതാവിനെ കസ്റ്റഡിയിലെടുത്തു
ഇടുക്കി: ഇടുക്കി ചെമ്മണ്ണാറിൽ പിതാവിന്റെ വെട്ടേറ്റ് മകൻ മരിച്ചു. ജെനീഷ് (38) ആണ് മരിച്ചത്. സംഭവത്തിൽ പിതാവ് തമ്പിയെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. മദ്യലഹരിയിൽ വീട്ടിലേയ്ക്കെത്തിയ ജെനീഷ് പിതാവിനെയും സ്വന്തം മക്കളെയും മർദിച്ചു. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജെനീഷിനെ തമ്പി വെട്ടിയത്. കൈയ്ക്ക് വെട്ടേറ്റ ജെനീഷിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് മരിച്ചത്.ആശുപത്രിയിലേയ്ക്ക് പോകുന്ന വഴിയിലും എത്തിയ ശേഷവും പലതവണ ജെനീഷ് ഛർദിച്ചു. അതിനാൽ വെട്ടേറ്റതാണോ മരണകാരണം എന്നത് വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. വെട്ടേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിയുകയാണെങ്കിൽ കൊലപാതകക്കുറ്റം ചുമത്തി തമ്പിക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.