കാസർകോട് : ജില്ലാ ഭരണസിരാ കേന്ദ്ര അങ്കണത്തില്‍ മഹാത്മജിയുടെ പൂര്‍ണ കായ പ്രതിമ അനാച്ഛാദനം ചെയ്തു. ജനപ്രതിനിധികളുടേയും രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടേയും ജീവനക്കാരുടേയും സാന്നിധ്യത്തില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷനായി. ചടങ്ങില്‍ ദേശീയ അവാര്‍ഡ് നേടിയ ജില്ലാ കളക്ടര്‍ ഡി. സജിത് ബാബുവിനും ശില്പി ഉണ്ണി കാനായിക്കും റവന്യൂ മന്ത്രി ഉപഹാരം നല്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ജലീല്‍, ഷാഹിന സലീം, ശാരദ എസ്.നായര്‍, എ.ഡി.എം എന്‍. ദേവീദാസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ എം.എല്‍.എ കെ.പി കുഞ്ഞിക്കണ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു സ്വാഗതവും പൊതു മരാമത്ത് കെട്ടിടം അസിസ്റ്റന്റ് എഞ്ചിനീയര്‍ എസ്.സൗമ്യ നന്ദിയും പറഞ്ഞു.
22 ലക്ഷം രൂപയാണ് പ്രതിമയുടെ നിര്‍മാണച്ചെലവ്. ശില്പി ഉണ്ണി കാനായി യാണ്പ്രതിമ നിര്‍മിച്ചത്. പഞ്ചായത്തുകളുടെ തനതു ഫണ്ടില്‍ നിന്നും സംഭാവന സ്വീകരിച്ചാണ് ആവശ്യമായ തുക കണ്ടെത്തിയത്.
മഹാത്മജിയുടെ സാന്നിധ്യം കാലഘട്ടത്തിന്റെ ആവശ്യം- റവന്യൂ മന്ത്രി
മഹാത്മജിയുടെ സാന്നിധ്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. കളക്ടറേറ്റ് പരിസരത്ത് ഗാന്ധിജിയുടെ പൂര്‍ണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു മന്ത്രി. ഗാന്ധിജിയുടെ നൂറ്റി അന്‍പതാം ജന്മദിന വാര്‍ഷീകം ലോകം മുഴുവന്‍ ആഘോഷിക്കുന്ന അവസരത്തിലാണ് കളക്ട്രേറ്റ് അങ്കണത്തില്‍ മഹാത്മജിയുടെ പൂര്‍ണകായ പ്രതിമ യാഥാര്‍ത്ഥ്യമായത്. ലോകം മുഴുവന്‍ ആദരിക്കുന്ന മഹാത്തായ ആശയങ്ങള്‍ നല്കിയ ഒരു മനുഷ്യന്റെ സാന്നിദ്ധ്യം കൂടുതല്‍ കരുത്തേകും. മതേതര ജനാധിപത്യത്തിന്റേയും ജനാധിപത്യ സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ നാളുകളില്‍ ഗാന്ധിയുടെ സാന്നിധ്യം കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും കളക്ടറേറ്റ് മുറ്റത്ത് മഹാത്മജിയുടെ പ്രതിമ തലയുയര്‍ത്തി നിര്‍ക്കുമ്പോള്‍ ജില്ലാ ഭരണസിരാകേന്ദ്രം അര്‍ഹിക്കുന്ന പ്രൗഢിയും ഔന്നിത്യവും കൈവരുമെന്നും മന്ത്രി പറഞ്ഞു.